മയ്യിൽ:- സി.പി.എം., സി.പി.ഐ. എന്നിവയുടെ നേതൃത്വത്തിൽ നടന്ന പാടിക്കുന്ന് രക്തസാക്ഷിത്വ ദിനാചരണം സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ. മയ്യിൽ മണ്ഡലം സെക്രട്ടറി കെ.വി.ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനുമെതിരേ പോരാടിയതിന് 1950-ൽ രക്തസാക്ഷിത്വം വരിച്ച രൈരു നമ്പ്യാർ, കുട്ട്യപ്പ, ഗോപാലൻ എന്നിവരുടെയും മൊറാഴ സമരനായകൻ അറാക്കൽ കുഞ്ഞിരാമന്റെയും സ്മരണ പുതുക്കാനാണ് ദിനാചരണം നടത്തിയത്.
സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ.ചന്ദ്രൻ, സി.പി.എം. നേതാക്കളായ ടി.കെ.ഗോവിന്ദൻ, എൻ.സുകന്യ, കെ.ചന്ദ്രൻ, കെ.സി.ഹരികൃഷ്ണൻ എൻ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. പാടിക്കുന്ന് രക്തസാക്ഷിസ്തൂപം കേന്ദ്രീകരിച്ച് സമ്മേളന നഗരിയായ കരിങ്കൽക്കുഴിയിലേക്ക് ചുവപ്പ് വൊളന്റിയർ മാർച്ചിന്റെ അകമ്പടിയോടെ ബഹുജനപ്രകടനവും നടന്നു. തുടർന്ന് ശ്രീധരൻ സംഘമിത്രയുടെ രചനയിൽ കൊളച്ചേരി നാടക സംഘത്തിന്റെ സഖാവ് അറാക്കൽ എന്ന നാടകം അരങ്ങേറി.