പുതിയതെരു: വാരാണസിയിലെ 'ഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക, ആരാധനാലയ നിയമം 1991 നടപ്പാക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ തെരുവിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് ഉദ്ഘാടനം ചെയ്തു. ചില ജഡ്ജിമാരും കോടതികളും ആര്‍എസ്എസ്സുകാര്‍ക്ക് മുന്നില്‍ കവാത്ത് പ്രസംഗം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗ്യാന്‍വാപി മസ്ജിദിന്റെ ഒരുഭാഗം സീല്‍ ചെയ്യാനുള്ള വാരാണസി കോടതി ഉത്തരവ് സത്യത്തെ കുഴിച്ചുമൂടലാണ്. രാജ്യത്തെ മതേതരത്വത്തിനും ജനാധിപത്യവിശ്വസികള്‍ക്കുമെതിരായ വിധിയാണെങ്കില്‍ അത് ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയാൻ ജനത തയ്യാറാവും. 1947 ആഗസ്ത് 15ലെ ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം അതേപടി നിലനില്‍ക്കണമെന്ന് പ്രസ്താവിക്കുന്ന ആരാധനാലയ നിയമം 1991 ന്റെ നഗ്‌നമായ ലംഘനമാണ് കോടതിയുടെ ഉത്തരവ്. 1992ല്‍ ബാബരി മസ്ജിദിന്റെ താഴികക്കുടം തകര്‍ക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇശാ നമസ്‌കാരം കഴിഞ്ഞ് വിശ്വാസികള്‍ വീട്ടില്‍ പോയ സമയത്ത് ഇരുളിന്റെ മറവില്‍ പള്ളിയില്‍ വിഗ്രഹം സ്ഥാപിച്ചത്. മലയാളിയായ കെ കെ നായര്‍ എന്ന ജഡ്ജി പറഞ്ഞത് വിഗ്രഹം നിലനിര്‍ത്തി പള്ളി പൂട്ടിയിടാനാണ്. അങ്ങനെ ഗ്യാന്‍വാപി മസ്ജിദിനെതിരേയും ഗൂഢാലോചന നടക്കുകയാണ്. ജനങ്ങളുടെ അവകാശത്തിനായി നിയമം നടപ്പാക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം സെക്രട്ടറി സുനീർ പൊയ്ത്തും കടവ്, മൂസാൻ കമ്പിൽ സംസാരിച്ചു. മണ്ഡലം കമ്മിറ്റി അംഗം സി.ഷാഫി ഷബീറലി കപ്പക്കടവ് റഫീഖ് കാട്ടാമ്പള്ളി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.