കണ്ണൂർ:-കണ്ണൂർജില്ലാ ലൈബ്രറി കൗൺസിലിന്റെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുളള സി കെ ശേഖരൻമാസ്റ്റർ സ്മാരക പുരസ്‌കാരത്തിന് കെ പി കുഞ്ഞികൃഷ്ണൻ അർഹനായി. കയരളം യുവജന ഗ്രന്ഥാലയം പ്രസിഡന്റായ ഇദ്ദേഹം അറുപത് വർഷത്തിലേറെക്കാലമായി ഗ്രന്ഥശാലാ പ്രവർത്തന രംഗത്തുണ്ട്. കയരളം യുവജനഗ്രന്ഥാലയം ലൈബ്രേറിയനായാണ് തുടക്കം. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ജനാധിപത്യസ്വഭാവം ഇല്ലാതാക്കുന്നതിനെതിരെ രൂപീകരിച്ച ഗ്രന്ഥശാലസംഘം സംരക്ഷണസമിതി തളിപ്പറമ്പ് താലൂക്ക് സെക്രട്ടറിയായിരുന്നു. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റും സെക്രട്ടറിയുമായി. 20 വർഷക്കാലം കയരളം യുവജന ഗ്രന്ഥാലയം സെക്രട്ടറിയായി പ്രവർത്തിച്ചു. 12 വർഷമായി പ്രസിഡന്റാണ്.
അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം സാരഥിയും അധ്യാപക അവാർഡ് ജേതാവുമായിരുന്ന സി കെ ശേഖരൻ മാസ്റ്ററുടെ പേരിൽ ജില്ലാ ലൈബ്രറി കൗൺസിൽ മുഖേന 2013 മുതൽ നൽകുന്നതാണ് പുരസ്കാരം. 25ന് അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൽ നടക്കുന്ന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി പുരസ്കാര വിതരണം ചെയ്യും.