വിഷ്ണുഭാരതീയൻ സ്വാതന്ത്ര്യ സമരത്തിലെ അസാധാരണമായ സഹനത്തിൻ്റെ പ്രതിരൂപം: പി.സന്തോഷ് കുമാർ എം പി




ഭാരതീയ നഗർ (നണിയൂർ):- സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അസാധാരണമായ ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും പ്രതിരൂപമാണ് വിഷ്ണു ഭാരതീയൻ എന്ന് പി.സന്തോഷ് കുമാർ എം പി പറഞ്ഞു. കെ എസ് & എ സി സംഘടിപ്പിച്ച വിഷ്ണു ഭാരതീയൻ അനുസ്മരണത്തിൽ സ്മൃതി ശില്പം അനാവരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമര ചരിത്രം തമസ്കരിക്കപ്പെടുന്ന ഇക്കാലത്ത് ഈ ഓർമ്മകൾ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ ഏറെ പ്രസക്തമാണ്. മഹാത്മാഗാന്ധിയുടെ ഘാതകൻ മഹാനാവുന്നതെങ്ങനെയെന്ന വിഷയത്തിൽ കുട്ടികൾക്ക് ലേഖന മത്സരം നടത്തുന്ന നാടായി നമ്മുടെ നാട് മാറിയിരിക്കുന്നു. ഗാന്ധി വധം പ്രതീകാത്മകമായി പുനരാവിഷ്കരിച്ച് അത് ആഘോഷമാക്കുന്നവരുടെ നാടാണിതെന്നും അദ്ദേഹം പറഞ്ഞു.

സഹനത്തിൻ്റെ തീക്കടൽ കടന്ന സ്വാതന്ത്ര്യ സമര ഭടനാണ് വിഷ്ണു ഭാരതീയൻ എന്ന് ചടങ്ങിൽ 'ഇന്ത്യൻ ദേശീയത മതാത്മകവും മതേതരവും' എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണം നടത്തിയ പ്രൊഫ.ബി മുഹമ്മദ് അഹമ്മദ് പറഞ്ഞു.ദേശീയതയ്ക്ക് മതമുണ്ടാവാൻ പാടില്ല. ഇന്ത്യൻ ദേശീയത നാനാത്വത്തിലെ ഏകത്വത്തിൽ അടിസ്ഥാനപ്പെടുത്തിയതാണ്.

വി.വി.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.ശില്പി സുരേന്ദ്രൻ കൂക്കാനത്തിൻ്റെ സ്മൃതിയാനം ഇന്ത്യൻ ചിത്രയാത്ര ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. പി.വി.വത്സൻ മാസ്റ്റർ, കെ എം ശിവദാസൻ, കെ വി ഗോപിനാഥ്, സുരേന്ദ്രൻ കൂക്കാനം എന്നിവർ സംസാരിച്ചു. വിജേഷ് നണിയൂർ സ്വാഗതവും എ.വി.രജിത്ത് നന്ദിയും പറഞ്ഞു.











Previous Post Next Post