പയ്യാമ്പലത്ത് പശുവിന്റെ പരാക്രമം; ഒട്ടേറെപ്പേർക്ക് കുത്തേറ്റു

 

 



പയ്യാമ്പലം:-പയ്യാമ്പലം ബീച്ചിൽ പശുവിന്റെ പരാക്രമം; നിരവധി പേർക്ക് കുത്തേറ്റു. പേയിളകിയെന്ന് സ്ഥിരീകരിച്ച പശുവിനെ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ കുത്തിവെപ്പ് നൽകി കൊന്നു. പശുവിന്റെ ഉടമയാരെന്ന് കണ്ടെത്താനായിട്ടില്ല.

ശനിയാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. വിവിധ സ്ഥലങ്ങളിലുള്ളവരായതിനാൽ ആർക്കൊക്കെയാണ് കുത്തേറ്റതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

ബീച്ചിൽ അലഞ്ഞുതിരിയുകയായിരുന്ന പശു പൊടുന്നനെയാണ് പരാക്രമം കാട്ടിത്തുടങ്ങിയത്. ഏറെ ജനത്തിരക്കുള്ള സമയത്തായിരുന്നു ഇത്. പശുവിന്റെ പരാക്രമം കണ്ട് ബീച്ചിൽ സുരക്ഷാചുതലയിലുണ്ടായ ജീവനക്കാരൻ ശിവദാസ് പോലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചു. പയ്യാമ്പലത്തിലേക്കുള്ള എല്ലാ റോഡുകളിലും വാഹനങ്ങൾ തടഞ്ഞുവെച്ചു. ആരെയും ബീച്ചിലേക്ക് പ്രവേശിപ്പിച്ചില്ല.

പോലീസ് കൺട്രോൾ റൂമിലെ രണ്ട് വാഹനങ്ങളും അസി. സ്റ്റേഷൻ ഓഫീസർ കെ.കെ. ദിലീഷിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. മൃഗസംരക്ഷണവകുപ്പിലെ ജീവനക്കാരും സ്ഥലത്തെത്തി. ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് പശുവിനെ മയക്കുമരുന്ന് കുത്തിവെച്ച് മെരുക്കിയത്.

അലഞ്ഞുതിരിയുന്ന കന്നുകാലികളും നായ്ക്കളും പയ്യാമ്പലത്തെ പതിവുകാഴ്ചയാണ്. ബീച്ചിലെ നടപ്പാതയിൽ ഇടവിട്ട് സജ്ജമാക്കിയ വിശ്രമകേന്ദ്രങ്ങൾ ഇവയുടെ സ്ഥിരം താവളമാണ്.

Previous Post Next Post