പ്ലസ് വണ്‍ അപേക്ഷാ സമയം നീട്ടി നല്‍കി ഹൈക്കോടതി


കൊച്ചി: - സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഒരു ദിവസം കൂടി നീട്ടി ഹൈക്കോടതി നടപടി. സമയപരിധി നീട്ടണമെന്ന ഹര്‍ജി നാളെ ഉച്ചയ്ക്കു മൂന്നിനു പരിഗണിക്കും. അതുവരെ ഇടക്കാല ഉത്തരവ് നീട്ടുന്നതായി കോടതി അറിയിച്ചു.

ഇനിയും സമയം നീട്ടിനല്‍കാനാവില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. സമയം നീട്ടുന്നത് അധ്യയന വര്‍ഷത്തെ അപ്പാടെ താളം തെറ്റിക്കുമെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അതേസമയം രണ്ടു ദിവസത്തിനകം ഫലം വരുമെന്നു പ്രതീക്ഷിക്കുന്നതായി സിബിഎസ്ഇയുടെ അഭിഭാഷകന്‍ പറഞ്ഞു. 

മലപ്പുറം സ്വദേശികളായ രണ്ടു സിബിഎസ്ഇ വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി അപേക്ഷ നല്‍കാനുള്ള സമയപരിധി ഇന്ന് ഉച്ചവരെ നീട്ടാനായിരുന്നു നിര്‍ദ്ദേശിച്ചത്.ഇനിയും സമയപരിധി നീട്ടുന്നത് അധ്യയന വര്‍ഷത്തെ താളം തെറ്റിക്കുമെന്ന് സർക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

നാലു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനു കാത്തിരിക്കുകയാണ്. ഇവരുടെ പത്താം ക്ലാസ് ഫലം വന്നിട്ട് ഒരു മാസമായി. ഒരു അധ്യയന വര്‍ഷത്തിലെ നിശ്ചിത ക്ലാസുകള്‍ എടുത്തു തീര്‍ക്കണമെങ്കില്‍ എത്രയും വേഗം ക്ലാസുകള്‍ തുടങ്ങണം. ഓഗസ്റ്റ് 17ന് തുടങ്ങാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്.  ഇനിയും തീയതി നീട്ടിയാല്‍ അതു വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

27 മുതല്‍ അടുത്ത മാസം 11 വരെയായി അലോട്‌മെന്റ് നടത്തി, അടുത്ത മാസം 17നു ക്ലാസ് തുടങ്ങാനായിരുന്നു മുന്‍തീരുമാനം. 4.25 ലക്ഷം വിദ്യാര്‍ഥികളാണ് ഇതുവരെ അപേക്ഷിച്ചിരിക്കുന്നത്.

Previous Post Next Post