എളയാവൂർ:-കണ്ണൂരിൽ നിന്നും മുണ്ടേരി ഭാഗത്തേക്ക് പോകുന്ന ലൗ ഷോർ ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചു. ഇന്നലെ വൈകുന്നേരം കണ്ണൂരിൽ നിന്നും മുണ്ടേരി ഭാഗത്തേക്ക് വരികയായിരുന്ന ബസിൽ കയറിയ യാത്രക്കാരി മേലെ ചൊവ്വ സ്‌റ്റോപ്പ് വിട്ടതിന് ശേഷം ദേഹാസ്വാസ്ഥ്യം വന്ന് ബസ്സിൽ തളർന്ന് വീഴുകയായിരുന്നു.
ഉടൻ തന്നെ ബസ് ജീവനക്കാർ മറ്റ് സ്‌റ്റോപ്പുകളിൽ ഒന്നും ബസ് നിർത്താതെ വാരം സി.എച്ച് സെൻ്റർ ഹോസ്പിറ്റലിലേക്ക് വളരെ വേഗം എത്തിക്കുകയും ജീവനക്കാരും, യാത്രക്കാരും കൂടാതെ അതുവഴി വന്ന ഫയർ ഫോഴ്സിൻ്റെ റസ്ക്യൂ ടീമും ചേർന്ന് യാത്രക്കാരിയെ സി.എച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അവശനിലയിലായിരുന്ന അവർക്ക് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം പിന്നീട് കൂടുതൽ വിദഗ്ദ്ധ ചികിത്സ നൽകുന്നതിന് ആംബുലൻസിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ലൗ ഷോർ ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലാണ് യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത്.