"ഇന്ത്യ ഒരു പഴയ രാജ്യമാണെങ്കിലും ഒരു യുവ രാഷ്ട്രമാണ്; എല്ലാ ചെറുപ്പക്കാരെയും പോലെ ഞങ്ങളും അക്ഷമരാണ്" - രാജീവ് ഗാന്ധി
ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു രാജീവ് രത്ന ഗാന്ധി. ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായ രാജീവ്, നാല്പതാമത്തെ വയസ്സിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം കൈവരിച്ചു. മരണാനന്തരം 1991 ൽ രാജ്യം ഒരു പൗരനു നൽകുന്ന പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി ആദരിച്ചു.
കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലും, ലണ്ടനിലെ ഇംപീരിയൽ കോളേജിലുമായി പഠനം നടത്തി. കേംബ്രിഡ്ജിലെ പഠനസമയത്ത് പരിചയപ്പെട്ട ഇറ്റാലിയൻ വംശജയായ സോണിയാ മൈനോ എന്ന പെൺകുട്ടിയെ പിന്നീട് വിവാഹം കഴിച്ചു. പിന്നീട് രാജീവ് ഇന്ത്യൻ എയർലൈൻസിൽ വൈമാനികനായി ഉദ്യോഗത്തിൽ ചേർന്നു. നെഹ്രു കുടുംബത്തിന്റെ രാഷ്ട്രീയത്തിൽ രാജീവ് തീരെ തൽപ്പരനായിരുന്നില്ല. എന്നാൽ സഞ്ജയ് ഗാന്ധിയുടെ മരണത്തോടെ രാജീവ് പൊതുരംഗത്തേക്ക് വരികയുണ്ടായി. ഇന്ദിരയുടെ മരണത്തോടെ രാജീവിനെ കോൺഗ്രസ് നേതൃത്വം പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തു.
1984 ലെ പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യൻ പാർലിമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ രാജീവ് അധികാരത്തിലെത്തിച്ചു. മത്സരിച്ച 491 ൽ 404 സീറ്റുകൾ കരസ്ഥമാക്കിയാണ് അത്തവണ കോൺഗ്രസ്സ് വിജയിച്ചത്. രാജീവിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ഒട്ടനവധി നവീന പദ്ധതികൾ നടപ്പിലാക്കുകയുണ്ടായി. വിദ്യാഭ്യാസരംഗത്തും, ആശയവിനിമിയസാങ്കേതികവിദ്യാ രംഗത്തുമെല്ലാം പുതിയ ആശയങ്ങൾ നടപ്പിലാക്കി. അമേരിക്കയുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനും രാജീവ് ശ്രദ്ധിച്ചു[8]. അയൽരാജ്യങ്ങളായ മാലിദ്വീപിലും, ശ്രീലങ്കയിലും ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളിൽ ഇന്ത്യ സൈനികമായി ഇടപെട്ടത് രാജീവിന്റെ നേതൃത്വത്തിലാണ്. 1987 ബോഫോഴ്സ് വിവാദം അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിൽ കരിനിഴൽ വീഴ്ത്തി.
1991 ലെ പൊതുതിരഞ്ഞെടുപ്പു വരെ രാജീവ് കോൺഗ്രസ്സ് പ്രസിഡന്റായി തുടർന്നു. 1991 ലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണവേളയിൽ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വെച്ച് എൽ.ടി.ടി.ഇ തീവ്രവാദികളാൽ വധിക്കപ്പെട്ടു. രാജീവിൻറെ മകനും കോണ്ഗ്രസ്സിൻറെ ദേശീയ അധ്യക്ഷനുമായിരുന്ന രാഹുൽഗാന്ധി ഗാന്ധി 2019 ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ ദയനീയ തോൽവിയെ തുടർന്ന് അധ്യക്ഷ സ്ഥാനം രാജിവെച്ചു . ട്വിറ്റെറിൽ കൂടിയാണ് രാഹുൽ തൻറെ രാജി കാര്യം അറിയിച്ചത്.
ഇന്ദിരാഗാന്ധി കൊല്ലപ്പെടുമ്പോൾ ഒറീസ്സ യിലായിരുന്ന രാജീവിനെ കോൺഗ്രസ് നേതാക്കളും അന്നു രാഷ്ട്രപതിയായിരുന്ന ഗ്യാനി സെയിൽസിംഗും പ്രധാനമന്ത്രി പദത്തിലേറാൻ നിർബന്ധിച്ചു. ഇന്ദിരയുടെ മരണം ഉണർത്തിവിട്ട സിഖ് വിരുദ്ധ കലാപം നിയന്ത്രിക്കാൻ രാജീവ് വേണ്ടതു ചെയ്തില്ല എന്ന് അപഖ്യാതിയുണ്ടായിരുന്നു,പക്ഷേ പുതിയതായി പ്രധാനമന്ത്രിക്കസേരയിലെത്തിയ രാജീവിന് ഈ കലാപം നിയന്ത്രിക്കാൻ വേണ്ടത്ര സമയം കിട്ടിയില്ല എന്നു പറഞ്ഞ ഈ വാദത്തെ ചിലർ ഖണ്ഡിക്കുന്നു. സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് “വന്മരങ്ങൾ വീഴുമ്പോൾ ഭൂമി അല്പം കുലുങ്ങുന്നത് സ്വാഭാവികമാണ്” എന്ന് രാജീവ് ഗാന്ധി പറഞ്ഞത് സിഖു വിരുദ്ധ കലാപത്തിലെ ഇരകളുടെ ബന്ധുക്കൾക്കിടയിൽ വളരെ പ്രതിഷേധമുണ്ടാക്കി. പ്രധാനമന്ത്രി പദം സ്വീകരിച്ച രാജീവ് കോൺഗ്രസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രിയായ അദ്ദേഹം പാർലമെന്റ് പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പു നടത്താൻ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. ഇന്ദിരയുടെ മരണം ഉണർത്തിവിട്ട സഹതാപ തരംഗത്തിൽ, ആ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഇന്ത്യൻ പാർലമെന്റിലെ എക്കാലത്തെയും വലിയ ഭൂരിപക്ഷം ലഭിച്ചു. രാജീവിന്റെ യുവത്വവും അഴിമതിക്കറ പുരളാത്ത പ്രതിച്ഛായയും കോൺഗ്രസ് ജയത്തിന് മാറ്റുകൂട്ടി. ഇന്ത്യൻ ജനത കോൺഗ്രസിനെ വീണ്ടും ഹൃദയത്തിലേറ്റിത്തുടങ്ങി.
ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക വികസനത്തെ രാജീവ് അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചു. കമ്പ്യൂട്ടറുകൾ, വിമാനങ്ങൾ, പ്രതിരോധ-വാർത്താവിനിമയ ഉപകരണങ്ങൾ എന്നിവയ്ക്ക് ഉൾപ്പെടെ സാങ്കേതിക വ്യവസായങ്ങൾക്കുള്ള ഇറക്കുമതി ചുങ്കം രാജീവ് ഗണ്യമായി കുറച്ചു. ഇന്ത്യയിൽ വളർന്നു വരുന്ന പുതിയ തലമുറ യാഥാസ്ഥിതികമായ പഠന, അറിവുസമ്പാദന രീതികളിൽ നിന്നും മാറി ലോകോത്തര നിലവാരമുള്ള സാങ്കേതിക വിദ്യാ ഇതിനായി ഉപയോഗിക്കണമെന്ന് രാജീവ് ആഗ്രഹിച്ചു. ഇതിന്റെ ഭാഗമായി ആശയവിനിമയ സാങ്കേതികാ വിദ്യ സാധാരണ ജനങ്ങളിലേക്കെത്തിക്കാൻ രാജീവ് ശ്രമം തുടങ്ങി. സി-ഡോട്ട് എന്ന സ്ഥാപനത്തെ സർക്കാരിന്റെ കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രമാക്കി. സി-ഡോട്ടിനെ സ്വന്തമായി ലക്ഷ്യങ്ങൾ നിർവചിക്കാനും,അത് നേടിയെടുക്കാനും തക്ക കഴിവുള്ള ഒരു ഗവേഷണവികസന സ്ഥാപനമാക്കുകയായിരുന്നു രാജീവിന്റെ ലക്ഷ്യം. ഇന്ത്യയിൽ ആശയവിനിമയരംഗത്ത് ഒരു നവ ആശയമായിരുന്ന പബ്ലിക് കോൾ ഓഫീസുകൾ നടപ്പിലാക്കിയത് സാങ്കതികവിദ്യ സാധാരണജനങ്ങളിലേക്കെത്തികണം എന്നുള്ള രാജീവിന്റെ ഇച്ഛാശക്തിയായിരുന്നു.
രാജ്യത്തിന്റെ ലൈസൻസ് രാജ് - പുതിയ വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള ചുവപ്പുനാട ഗണ്യമായി കുറക്കുവാനുള്ള നടപടികൾ രാജീവ് ഗാന്ധി സ്വീകരിച്ചു. 1986-ൽ രാജീവ് ഗാന്ധി ഇന്ത്യയിൽ ഒട്ടാകെ ശാസ്ത്ര സാങ്കേതിക ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുവാനായി പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു. വേഗത്തിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ ആയിരുന്നു രാജീവിന്റെ മനസ്സിലുണ്ടായിരുന്നത്[38]. അത് പ്രാവർത്തികമാക്കാൻ ഉള്ള ഇച്ഛാശക്തിയും ഉണ്ടായിരുന്നു യുവാവായ രാജീവിന്. ഏഴാം പഞ്ചവത്സരപദ്ധതിയിൽ സാമ്പത്തിക വളർച്ച 5.6 ശതമാനമായി ഉയർന്നു. വ്യാവസായിക വളർച്ച 8 ശതമാനമായിരുന്നു. ദാരിദ്ര്യരേഖാ ശതമാനം 38 ൽ നിന്നും 28 ലേക്കു താഴ്ന്നു[40]. സമ്പദ് വ്യവസ്ഥയിൽ ഒരു ഉണർവ് പ്രകടമായിരുന്നു.
ഇന്ത്യയിൽ നവോദയ വിദ്യാലയങ്ങൾ ആരംഭിച്ചത് 1986 ഇൽ രാജീവ് ഗാന്ധിയാണ്. ഗ്രാമങ്ങളിലെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ നൽകുന്നതിനായുള്ള സർക്കാർ പദ്ധതിയാണ് നവോദയ വിദ്യാലയ. 1985 ലാണു ആദ്യത്തെ നവോദയ രൂപം കൊണ്ടതു്. പി.വി നരസിംഹറാവുവിന്റെ ആശയമാണു നവോദയ.രാജിവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണു നവോദയ വിദ്യാലയങ്ങളുടെ തുടക്കം.തുടക്കത്തിൽ നവോദയ വിദ്യാലയം എന്ന പേരായിരുന്നു.പിന്നീടു പണ്ഡിറ്റ് ജവഹർലാൽ നെഹ്രു വിന്റെ 100 ആം ജന്മദിന വർഷത്തിൽ ജവഹർ നവോദയ വിദ്യാലയ എന്ന പേരു സ്വീകരിച്ചു.
രാജീവിന്റെ അവസാനത്തെ പൊതുസമ്മേളനം തമിഴ്‌നാട്ടിലെ തിരുത്തണിയിലായിരുന്നു. രാജീവ് ഗാന്ധി മെയ് 21 1991-ഇൽ ശ്രീപെരുമ്പത്തൂരിൽ വെച്ച് ഒരു തിരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തിൽ വെച്ച് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. എൽ.ടി.ടി.ഇ അംഗമായ തേന്മൊഴി രാജരത്നം എന്നും തനു എന്നും അറിയപ്പെടുന്ന കലൈവാണി രാജരത്നം[69] എന്ന സ്ത്രീയാണ് ആത്മഹത്യാ ബോംബർ ആയി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്[70]. ശിവരശൻ എന്ന എൽ.ടി.ടി.ഇ. നേതാവ് ഈ കൊലപാതകത്തിന് സൂത്രധാരകനായിരുന്നു. പ്രസംഗ വേദിക്കരികിലുള്ള ഇന്ദിരാ ഗാന്ധിയുടെ പ്രതിമയിൽ മാല അണിയിച്ചശേഷം ചുവപ്പു പരവതാനിയിട്ട വഴിയിലൂടെ വേദിക്കരികിലേക്കു നടക്കുന്ന വഴിയിലാണ് തനുവും കൂട്ടാളികളും കാത്തുനിന്നിരുന്നത്. രാജീവിനെ സ്വീകരിക്കാൻ സുരക്ഷാപരിശോധന കഴിഞ്ഞ ആളുകൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.എന്നാൽ രാജീവ് ഗാന്ധി വരുന്ന തിക്കിലും തിരക്കിലും സുരക്ഷാ ഭടന്മാരുടെ കണ്ണുവെട്ടിച്ച്, തനു തന്റെ ശരീരത്തിൽ ചേർത്തു കെട്ടിയ ബോംബുമായി രാജീവിനരികിലേക്കെത്തുകയായിരുന്നു. തിരക്കിട്ട് രാജീവിനടുത്തേക്ക് വന്ന തനുവിനെ സുരക്ഷാ ഉദ്യോഗസ്ഥയായ അനസൂയ ഡെയ്സി ഏർണെസ്റ്റ് തള്ളിമാറ്റിയെങ്കിലും രാജീവ് കയ്യുയർത്തി അനസൂയയെ തടയുകയായിരുന്നു. സമയം ഏകദേശം രാത്രി 10.20 ന് രാജീവിന്റെ കഴുത്തിൽ ഹാരം അണിയിച്ചശേഷം, കാലിൽ സ്പർശിക്കാനെന്ന വ്യാജേന കുമ്പിട്ട തനു തന്റെ ശരീരത്തിലുള്ള ബോംബിന്റെ ഡിറ്റോണെറ്ററിൽ വിരലമർത്തുകയായിരുന്നു എന്നു പറയപ്പെടുന്നു. ശക്തമായ സ്ഫോടനമായിരുന്നു പിന്നീട്. രാജീവിനു ചുറ്റും നിന്നിരുന്ന പതിനഞ്ചു പേർ മരിച്ചു. മാംസം കരിഞ്ഞമണവും പുകയുമായിരുന്നു അവിടെ കുറേ നേരത്തേക്ക്. രാജീവ് സ്ഥിരമായി ധരിക്കാറുള്ള ലോട്ടോ എന്ന പാദരക്ഷയാണ് അദ്ദേഹത്തിന്റെ മൃതദേഹം പെട്ടെന്നു തന്നെ തിരിച്ചറിയാനായി സഹായിച്ചത്.