കണ്ണൂർ:-ഓണക്കാലത്ത് ഖാദി ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ 'ഖാദി വീട്'എന്ന ആശയവുമായി ഖാദി ബോര്‍ഡ്. വിവിധതരം ഹോം ഫര്‍ണിഷിംഗ് ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുകയും വില്‍പ്പന നടത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഖാദി കര്‍ട്ടന്‍, ബോള്‍സ്റ്റര്‍, റൗണ്ട് കുഷ്യന്‍, സ്‌ക്വയര്‍ കുഷ്യന്‍, ബോക്‌സ് കുഷ്യന്‍, ടേബിള്‍ മാറ്റ്, ടി കോസ്റ്റര്‍, ബ്രഡ് ബാസ്‌കറ്റ്, പോട്ട് ഹോള്‍ഡര്‍, എപ്രണ്‍, ബോര്‍ സസ്റ്റര്‍, ഹെഡ് റെസ്റ്റ്, കിഡ്‌സ് കുഷ്യന്‍, കിഡ്‌സ് ഡ്രസ്സ്, ചെയര്‍ പാഡ്, ചെണ്ട കവര്‍ തുടങ്ങിയവയാണ് 'ഖാദി വീടി'ലൂടെ വില്‍പ്പന നടത്തുക. ഇതിന് 30 ശതമാനം റിബേറ്റും ലഭിക്കും. ഈ വര്‍ഷം ആകെ 150 കോടിയുടെയും ഓണത്തിന് 24 കോടി രൂപയുടെയും വില്‍പ്പനയാണ് ലക്ഷ്യം. പയ്യന്നൂര്‍ ഖാദി കേന്ദ്രം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 30 കോടി രൂപയുടെ വില്‍പ്പന നടത്തും. വിവിധയിനം വെള്ള മുണ്ടുകള്‍, കാവി മുണ്ടുകള്‍, ഷര്‍ട്ടുകള്‍, ജുബ്ബ, ബെഡ്ഷീറ്റ്, ലേഡീസ് ടോപ്പ്, മസ്ലിന്‍ ഡബിള്‍ മുണ്ട്, മസ്ലിന്‍ ഷര്‍ട്ട് തുണിത്തരങ്ങള്‍, പാന്റീസ്, മജസ്റ്റിന്‍, കോട്ടണ്‍ സാരികള്‍, ഉന്നകിടക്കകള്‍ തുടങ്ങിയവ വിപണിയില്‍ ലഭ്യമാണ്. ഖാദി ഓണം മേളയോടനുബന്ധിച്ച് സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന തലത്തില്‍ 10 പവന്‍, 5 പവന്‍ സ്വര്‍ണവും ഓരോ ജില്ലയിലും ഓരോ പവന്‍ വീതവും നല്‍കും. കൂടാതെ ആഴ്ചതോറും മറ്റ് സമ്മാനങ്ങളും ലഭ്യമാക്കും. സെപ്റ്റംബര്‍ 7 വരെ ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ സ്‌പെഷ്യല്‍ റിബേറ്റ് ലഭിക്കും. സ്വാതന്ത്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഖാദി ഉപഭോക്താക്കളുടെ സംഗമം ആഗസ്റ്റ് 15ന് ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കും. കണ്ണൂരില്‍ സംഗമം രാവിലെ 9.30ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ഖാദി ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ വില്‍പ്പന കേന്ദ്രമായ ഫ്‌ളിപ് കാര്‍ട്ടിലും ലഭ്യമാണ്. ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ കൊറിയര്‍ ചെയ്യുന്ന സംവിധാനവും ബോര്‍ഡ് ആരംഭിച്ചിട്ടുണ്ടെന്ന് പി ജയരാജന്‍ പറഞ്ഞു. ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പയ്യന്നൂര്‍ ഖാദി ബോര്‍ഡ് ഡയറക്ടര്‍ ടി സി മാധവന്‍ നമ്പൂതിരി, കണ്ണൂര്‍ പ്രൊജക്ട് ഓഫീസര്‍ ഐ കെ അജിത്ത് കുമാര്‍, ഖാദി ഗ്രാമ സൗഭാഗ്യ മാനേജര്‍ കെ വി ഫാറൂഖ് എന്നിവരും പങ്കെടുത്തു.