കോർപ്പറേഷനിൽ ശുചീകരണം നൂതന സംവിധാനത്തിലേക്ക്‌

 




കണ്ണൂർ: നഗരവീഥികൾ നവീനരീതിയിൽ മാലിന്യമുക്തമാക്കാൻ കണ്ണൂർ കോർപ്പറേഷൻ യന്ത്രവത്കൃത റോഡ് ശുചീകരണ ട്രക്ക് വാങ്ങും. 73 ലക്ഷം രൂപയാണ് ചെലവ്. ധനകാര്യ കമ്മിഷൻ ഗ്രാൻറ് ഇതിനായി വിനിയോഗിക്കും.വിവിധ മെട്രോ നഗരങ്ങളിൽ ഇത്തരം ശുചീകരണ ട്രക്കുകൾ ഉപയോഗിച്ചുവരുന്നുണ്ട്. അതേ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ട്രക്കാണ് കണ്ണൂരിലുമെത്തുക.

യന്ത്രം വാങ്ങുന്നതിനുള്ള ടെൻഡർ വ്യാഴാഴ്ച ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗം അംഗീകരിച്ചു. മറ്റു നടപടികൾ വൈകാതെ നടക്കും. ഒക്ടോബർ ആദ്യത്തോടെ നഗരത്തിലെ പ്രധാന റോഡുകളുടെ ശുചീകരണം ട്രക്ക് ഏറ്റെടുക്കും.ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ രാത്രിയിൽ മാത്രമായിരിക്കും ശുചീകരണ ട്രക്ക് പ്രവർത്തിപ്പിക്കുക.

യന്ത്രമുപയോഗിച്ച് ശുചീകരണം കൂടുതൽ ഫലപ്രദമായി നടപ്പാക്കാൻ സാധിക്കും. ട്രക്കിൽ വിവിധ രീതിയിലുള്ള ബ്രഷുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇത് ഓട്ടോമാറ്റിക്കായി പ്രവർത്തിക്കും.ട്രക്കിന്റെ ഇരു ഭാഗങ്ങളിലും മധ്യത്തിലുമാണ് ബ്രഷുകൾ. പൊടിയും മാലിന്യങ്ങളും വലിച്ചെടുക്കാനും ഇതിനൊപ്പം സംവിധാനമുണ്ട്.

Previous Post Next Post