ജില്ലയിലെ നാല് വിദ്യാർഥികൾക്ക് ഇൻസ്‌പെയർ മാനക് അവാർഡ് യോഗ്യത

 

കണ്ണൂർ: -ദേശീയ വിദ്യാഭ്യാസ പ്രദർശന മേളയായ ഇൻസ്‌പെയർ മാനക് അവാർഡ്  യോഗ്യത നേടി ജില്ലയിലെ നാല് വിദ്യാർഥികൾ. കൂടാളി ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ലക്ഷ്മി പ്രദീപ്, കൂനംകോട് യു പി സ്‌കൂൾ എഴാം ക്ലാസ് വിദ്യാർഥി എസ് ശ്രീദർശ്, തടിക്കടവ് ഗവ. ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി കെ എസ് സിതാര, പയ്യന്നൂർ സെന്റ് മേരീസ് ഹൈസ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥി എസ് കെ മാളവിക എന്നിവർക്കാണ് ഈമാസം ന്യൂഡൽഹിയിൽ നടക്കുന്ന 2020-21ലെ ഇൻസ്‌പെയർ മാനക് പ്രദർശന മത്സര മേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.

ലക്ഷ്മി പ്രദീപ്, കൊറോണ ബാധിച്ച രോഗികളെ എളുപ്പത്തിൽ തിരിച്ചറിയാനും സാനിറ്റൈസർ സംവിധാനം ജനങ്ങൾക്ക് ഉപയോഗപ്രദമാവും വിധം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട ഉപകരണമാണ് വികസിപ്പിച്ചത്. എസ് ശ്രീദർശ് ഒരു വിധത്തിലും ശരീരത്തിനുള്ളിൽ ചൂട് നിലനിൽക്കാതെ എളുപ്പത്തിൽ ധരിക്കാൻ കഴിയുന്ന പിപിഇ കിറ്റാണ് നിർമ്മിച്ചത്. അടുക്കളയിൽ പാചകത്തിനിടെ പൊള്ളലേൽക്കുന്നത് ഒഴിവാക്കാൻ കെ എസ് സിതാര കണ്ടുപിടിച്ച ഉപകരണമാണ് ദേശീയ മത്സരത്തിലേക്ക് യോഗ്യത നേടിയത്. പിവിസി പൈപ്പ് ഉപയോഗിച്ച് പ്രളയ ദുരന്ത സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ രക്ഷപ്പെടുത്താൻ സഹായിക്കുന്ന ഉപകരണമാണ് എസ് കെ മാളവിക തയ്യാറാക്കിയത്.

'മില്യൻ മൈൻഡ്‌സ് ഓഗ്‌മെന്റിങ് നാഷനൽ ആസ്പിരേഷൻ ആൻഡ് നോളജ്' എന്ന ഈ ദേശീയ പ്രദർശനം ആറ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ നവീനാശയങ്ങൾ പ്രാവർത്തികമാക്കി കാണിക്കാള്ള വേദിയാണ്. സംസ്ഥാനത്തു നിന്ന് ആകെ 11 കുട്ടികളാണ് ഇതിലേക്ക് യോഗ്യത നേടിയത്. ആയശയങ്ങൾ തിരഞ്ഞെടുത്ത് പ്രാവർത്തികമാക്കാൻ ഓരോ വിദ്യാർഥിക്കും 10,000 രൂപയാണ് സർക്കാർ നൽകുന്നത്. ദേശീയ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഡി.ഡി.ഇ വി എ ശശീന്ദ്രവ്യാസ് അനുമോദിച്ചു. ഈ വർഷത്തെ രജിസ്‌ട്രേഷൻ ആരംഭിച്ചതായും ഡി.ഡി.ഇ അറിയിച്ചു.

Previous Post Next Post