മലപ്പട്ടം :- കേരളത്തിന്റെ മൂലധനം വിജ്ഞാനമാണെന്നും അതിവേഗം വിജ്ഞാന സമൂഹമായി ഉയരാന്‍ സംസ്ഥാനത്തിന് സാധിക്കണമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ പറഞ്ഞു. മലപ്പട്ടം എ കുഞ്ഞിക്കണ്ണന്‍ സ്മാരക ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഹയര്‍സെക്കണ്ടി ബ്ലോക്ക് ഒന്നാം നിലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജ്ഞാന സമൂഹമായി ഉയരാന്‍ സാമൂഹിക സാംസ്‌കാരിക പശ്ചാത്തല സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണം. ഇവ ലക്ഷ്യം വെച്ചാണ് സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായത്. അതിന്റെ ഫലമായാണ് പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബിയില്‍ നിന്നുള്ള ഒരു കോടി രൂപ ഉപയോഗിച്ചാണ് നിലവിലുള്ള ഹയര്‍സെക്കണ്ടറി ബ്ലോക്കിന്റെ ഒന്നാംനില നിര്‍മിച്ചത്. അഞ്ച് ക്ലാസ്സ് മുറികള്‍, സ്റ്റാഫ് റൂം, ലാബ്, ശൗചാലയങ്ങള്‍ എന്നീ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. പൂര്‍വ്വ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച് നല്‍കിയ ബസ് ഷെല്‍ട്ടര്‍, സംഭാവനയായി ലഭിച്ച പ്രൊജക്ടര്‍, രണ്ട് ഷെല്‍ഫുകള്‍ എന്നിവയുടെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു.
മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രമണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ നേഹാല്‍ പ്രമോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം വി ശ്രീജിനി, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബര്‍ട്ട് ജോര്‍ജ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ ചന്ദ്രന്‍ മാസ്റ്റര്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ കെ സജിത, ബ്ലോക്ക് റിസോഴ്സ് സെന്റര്‍ ബിപിഒ ടി ഒ സുനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് പി കെ ദീപ, പ്രധാനാധ്യാപിക ഒ സി പ്രസന്നകുമാരി, പി ടി എ പ്രസിഡണ്ട് വി വി മോഹനന്‍, മദര്‍ പി ടി എ പ്രസിഡണ്ട് കെപി മിനി, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.