കണ്ണൂർ:-സ്‌കൂൾ പ്രിൻസിപ്പൽമാരെ നിയമിക്കുമ്പോൾ സീനിയോറിട്ടി മാത്രമല്ല അവരുടെ കഴിവുകൾ കൂടി പരിഗണിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വെള്ളൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രിൻസിപ്പൽമാരെ തെരഞ്ഞെടുക്കുന്നതിന് പ്രത്യേക അഭിമുഖം നടത്തും. അധ്യാപകരുടെ നിലവാരം ഉയർത്തുന്നതിനായി ആറ്മാസത്തിലൊരിക്കലെങ്കിലും റെസിഡൻഷ്യൽ പരിശീലനം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ അനുവദിച്ച മൂന്ന് കോടി രൂപ ചെലവിലാണ് വെള്ളൂർ ഗവ. ഹയർ സെക്കണ്ടറിക്ക് പുതിയ കെട്ടിടം നിർമിച്ചത്. ഇരുനിലകളിലായി എട്ട് ക്ലാസ് മുറികൾ, ലാബ്, ലൈബ്രറി, കോൺഫറൻസ് ഹാൾ എന്നിവ ഒരുക്കിയിട്ടുണ്ട്. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ നഗരസഭാധ്യക്ഷ കെ വി ലളിത, മുൻ എംഎൽഎ സി കൃഷ്ണൻ, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ടി പി സമീറ ടീച്ചർ, വാർഡ് കൗൺസിലർ ടി ദാക്ഷായണി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എ എം രാജമ്മ, പയ്യന്നൂർ എഇഒ കെ വി പ്രകാശൻ,
സ്‌കൂൾ പ്രിൻസിപ്പൽ കെ കെ വസുമതി, ഹെഡ്മാസ്റ്റർ കെഎ ബാബു എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സി. എഞ്ചിനീയർ കെ ജിഷാകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു.