പള്ളിപ്പറമ്പ്:- അശരണർക്കും ആലംബഹീനർക്കും സമാശ്വാസം നൽകുന്ന മുസ്ലിം ലീഗിൻ്റെ കർമ്മപദ്ധതികൾ മാതൃകാപരമാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ പഞ്ചായത്തുകൾ പരിധിയായി നിശ്ചയിച്ച് പുതുതായി രൂപീകരിച്ച കൊളച്ചേരി മേഖലാ പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ ഉദ്ഘാടനം സെൻ്റർ ആസ്ഥാനമായ പള്ളിപ്പറമ്പിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൈത്തുറഹ്മകൾക്കും സി.എച്ച്.സെൻ്ററുകൾക്കുമൊപ്പം പൂക്കോയ തങ്ങളുടെ പേരിൽ സംസ്ഥാന മുസ്‌ലിം ലീഗ് വിഭാവനം ചെയ്തിട്ടുള്ള പി.ടി.എച്ച് പാലിയേറ്റീവ് സെൻ്ററുകളുടെ പ്രവർത്തനം കിടപ്പു രോഗികൾക്ക് ഏറെ സമാശ്വാസം പകരുന്നതാണെന്നും രോഗീ സന്ദർശനവും അവർക്ക് ചെയ്യുന്ന സേവനങ്ങളും ഏറ്റവും പുണ്യമേറിയ ആരാധനയാണെന്നും തങ്ങൾ അഭിപ്രായപ്പെട്ടു.
പി.ടി.എച്ച് കൊളച്ചേരി മേഖലാ കമ്മിറ്റി പ്രസിഡൻ്റ് മുസ്തഫ കോടിപ്പൊയിൽ അധ്യക്ഷത വഹിച്ചു. സെൻ്ററിലേക്കുള്ള പാലിയേറ്റീവ് ഹോം കെയർ സർവ്വീസിനുള്ള വാഹനത്തിൻ്റെ താക്കോൽ സ്വീകരിച്ചു കൊണ്ട് ജില്ലാ മുസ്‌ലിം ലീഗ് ജന:സെക്രട്ടറി അഡ്വ.അബ്ദുൽ കരീം ചേലേരി പ്രസംഗിച്ചു. പി.ടി.എച്ച്. കേരള ചീഫ് കോഓഡിനേറ്റർ ഡോ.അമീറലി പാലിയേറ്റീവ് പദ്ധതി വിശദീകരണം നടത്തി.
മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡൻ്റ് ശരീഫ് കുറ്റൂർ മുഖ്യ പ്രഭാഷണം നടത്തി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.അബ്ദുൽ മജീദ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ, വാർഡ് മെമ്പർ കെ.മുഹമ്മദ് അഷ്റഫ്, കെ.കെ.അബ്ദുറഹിമാൻ മാസ്റ്റർ, ടി.വി. അസൈനാർ മാസ്റ്റർ, ഹംസ മൗലവി പള്ളിപ്പറമ്പ്, പി.ടി.അശ്രഫ് സഖാഫി, എം.അമീർ സഅദി, കെ.രാമകൃഷ്ണൻ മാസ്റ്റർ, എം.അബ്ദുൽ അസീസ്, എം.കെ.കുഞ്ഞഹമ്മദ് കുട്ടി, എ.അബ്ദുൽ ഖാദർ മൗലവി, ഷംസീർ മയ്യിൽ, പി.കെ.ഷംസുദ്ദീൻ, സലാം കമ്പിൽ, സി.എം.മുസ്തഫ, അമീർ.എ.പി, മമ്മു സാഹിബ് കമ്പിൽ, പി.പി. ജമാലുദ്ദീൻ, വി.പി.അബ്ദുസ്സമദ്, ജാബിർ പാട്ടയം, മുഹമ്മദ് കണ്ടക്കൈ, എം.കെ.മൊയ്തു ഹാജി, ഇല്യാസ് വേശാല പ്രസംഗിച്ചു.
കൊളച്ചേരി മേഖലാ പി.ടി.എച്ച് ജന:സെക്രട്ടറി മുനീർ മേനോത്ത് സ്വാഗതവും സെക്രട്ടറി എം.സി.ഹാഷിം മാസ്റ്റർ നന്ദിയും പറഞ്ഞു.