അഴീക്കൽ:-ചാൽ ബീച്ചിനടുത്ത വെള്ളക്കല്ലിന് സമീപം വീണ്ടും പുലിയെ കണ്ടതായി അഭ്യൂഹം. ഞായറാഴ്ച രാത്രി തീരദേശറോഡിലൂടെ ഓട്ടോയിൽ യാത്രചെയ്യുകയായിരുന്ന രണ്ടുപേരാണ് പുലിയെ കണ്ടതായി പറഞ്ഞത്. രാത്രി 9.30-ഓടെ പുലി ഓട്ടോക്ക് മുന്നിലൂടെ ചാടിപ്പോയതായി ഇവർ പറഞ്ഞു. ഉടൻ വാർഡംഗം ഇ.ശിവദാസനെ വിവരമറിയിച്ചു. അദ്ദേഹം വനപാലകരെയും വളപട്ടണം പോലീസിനെയും ബന്ധപ്പെട്ടു. അവരെത്തി കാൽപ്പാടുകൾ പരിശോധിച്ചു.
അതേസമയം തെരുവുനായകൾ സ്ഥിരമായി റോഡിൽ കിടക്കാറുണ്ടെന്നും ഞായറാഴ്ച രാത്രിയോടെ ഒരു തെരുവുനായയെപ്പോലും കണ്ടില്ലെന്നും വെള്ളക്കല്ലിനടുത്ത വ്യാപാരി ബാബു പറഞ്ഞു. പുലിഭീതിയിൽ നായകൾ മറ്റെവിടേക്കെങ്കിലും പോയിരിക്കാമെന്നാണ് സംശയമെന്നും ബാബു പറഞ്ഞു.
മീൻകുന്ന് വലിയപറമ്പിൽ ചിലർ ശനിയാഴ്ച രാത്രി കണ്ടുവെന്ന് പറയുന്ന പുലി നാലുകിലോമീറ്റർ അകലെ കടൽത്തീരത്തെ കാറ്റാടിമരങ്ങൾക്കിടയിലൂടെ വെള്ളക്കൽ ഭാഗത്ത് എത്തിയതാകാമെന്നും നാട്ടുകാർക്ക് അഭിപ്രായമുണ്ട്.
മീൻകുന്ന് 14-ാം വാർഡംഗം ടി.പി.ശ്രീലത വാട്സാപ്പ് സന്ദേശത്തിലൂടെയും പരിസരത്തെ അറിയാവുന്നവരുടെ ഫോണിലുടെയും രാത്രി ആരും പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച പരിശോധന ശക്തമാക്കുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു.
മുൻപ് നാലുതവണകളായി അഴീക്കോട്ട് കടൽത്തീരപ്രദേശത്ത് പുലിഭീതിയുണ്ടായിരുന്നു. 1991-ൽ കണ്ട പുലിയെ കക്കാട് കുഞ്ഞിപ്പള്ളിയിലെ വീട്ടിൽവെച്ച് മയക്കുവെടി വെച്ച് പിടിച്ചു. 2010-ൽ മറ്റൊന്നിനെ ചാൽബീച്ചിനടുത്ത് കൂടുവെച്ചും പിടിച്ചു.