മയ്യിൽ:- രണ്ടാംതരത്തിലെ നവതേജ് വിജേഷിന്റെ വീട്. മുറ്റത്ത് പുസ്തകങ്ങളുമായി കുഞ്ഞുകൈകൾ. വീട്ടുമുറ്റ വായനാസദസിന്റെ മയ്യിൽ പഞ്ചായത്ത് തല ഉദ്ഘാടനമാണ് വേദി. ഇവിടെ വായനയോട് കൂട്ടുകൂടുകയാണ് എല്ലാവരും. സമഗ്ര ശിക്ഷ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന 'വായനച്ചങ്ങാത്തം' പരിപാടിയാണ് വായനയെ തിരികെ പിടിക്കാൻ വീട്ടുമുറ്റത്തേക്കെത്തുന്നത്.
കുട്ടികളിലെ വായന പരിപോഷിപ്പിക്കലാണ് വായനച്ചങ്ങാത്തം പരിപാടിയുടെ ലക്ഷ്യം. ആദ്യഘട്ട പ്രവർത്തനം വായനശാലയുമായി ചേർന്നാണ് നടത്തിയത്. ഇതിന്റെ ഭാഗമായി കുട്ടികൾ സമീപമുള്ള വായനശാലകളിൽ അംഗത്വമെടുത്തിരുന്നു. അവിടെ നിന്ന് വായിച്ച പുസ്തകങ്ങളെ ആസ്പദമാക്കി കുട്ടികൾ സ്വതന്ത്ര രചനകൾ നടത്തുകയും ചെയ്തു.
രണ്ടാംഘട്ടമെന്ന നിലയിലാണ് ഓരോ കുട്ടിയുടെ വീട്ടിലുമെത്തി വീട്ടുമുറ്റ വായനാസദസ് നടത്തുന്നത്. വിദ്യാലയം, വീട്,വിദ്യാർഥി,സമൂഹം എന്നിവ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും പദ്ധതി വഴി ലക്ഷ്യമിടുന്നു. രക്ഷാകർതൃ സമിതിയുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ.
പഞ്ചായത്തുതല ഉദ്ഘാടനം നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി.സ്കൂളിൽ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വി.വി.അനിത നിർവഹിച്ചു. ടി.എം. പ്രീത അധ്യക്ഷയായി. ഗോവിന്ദൻ എടാടത്തിൽ പദ്ധതി വിശദീകരിച്ചു. പി.വി.രാജേന്ദ്രൻ, അനുശ്രീ രജിത്ത്, വി.പി. അരാധ്യ എന്നിവർ പുസ്തക പരിചയം നടത്തി. ദീപ്തി വിജേഷ്, സി.കെ.രേഷ്മ, കെ. ശ്രേയ എന്നിവർ സംസാരിച്ചു. ടി.പി. അൻവിത, അന്വയ് വിനോദ് എന്നിവർ നൃത്തശില്പവും അവതരിപ്പിച്ചു.