കണ്ണൂർ :- മലപ്പട്ടം വില്ലേജ് ഓഫിസർ തണ്ടപ്പേരിൽ തിരുത്തൽ വരുത്തുകയും ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിൽക്കുകയും ചെയ്തതായി ആരോപിച്ച് ചൂളിയാട് തലക്കോട്ട് സ്വദേശികളായ കെ.ഗോവിന്ദനും കെ.ചന്ദ്രനും ,കെ കൃഷ്ണനും ലക്ഷമണനും കലക്ടറേറ്റിനു മുന്നിൽ ധർണ്ണ നടത്തി.
വില്ലേജ് ഓഫിസർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധർണ്ണാ സമരം.പ്രാദേശിക സി.പി.എം നേതാക്കളുടെ ഒത്താശയോടെ വില്ലേജ് ഓഫിസർ തണ്ടപ്പേര് തിരുത്തി തങ്ങളുടെ ഏക്കർ കണക്കിന് സ്ഥലം സഹോദരന് അന്യായമായി പതിച്ചു കൊടുക്കുകയായിരുന്നുവെന്ന് ആരോപിച്ചാണ് വയോധികനും മറ്റു സഹോദരങ്ങളും കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ കുത്തിയിരുപ്പ് സമരം നടത്തിയത്.ഹൈക്കോടതി റദ്ദ് ചെയ്ത പട്ടയഭൂമിയിലാണ് ഇവർ അതിക്രമിച്ചു കയറുകയും സ്ഥലം അളന്ന് മതിൽ കെട്ടുകയും ചെയ്തത്.
കഴിഞ്ഞ 32 വർഷമായി ഭൂമി തിരിച്ചു കിട്ടാൻ തങ്ങൾ നിയമ പോരാട്ടത്തിലാണെന്നും റിസ.അഞ്ച് പിടിച്ച് 18/2 പട്ടയം ആണെന്ന് സ്ഥാപിക്കാനാണ് വില്ലേജ് അധികൃതർ കൂട്ടുനിന്നത്. പട്ടയ കേസ് അന്യായമായി നീട്ടി കൊണ്ടുപോവുകയാണ് റവന്യു - ഉദ്യോഗസ്ഥർ ചെയ്യുന്നത്. പയ്യന്നൂർ ലാൻഡ് ട്രൈബ്യുന്നർ തഹസിൽദാരാണ് വ്യാജ പട്ടയം അനുവദിച്ചത്. 2019, 21 ൽ ഞങ്ങളുടെ നികുതി വില്ലേജിൽ സ്വീകരിക്കാത്തത് സംബന്ധിച്ചു തങ്ങളുടെ പരാതിയിൽ ഇതു വരെ റവന്യു വകുപ്പ് അധികൃതർ തീർപ്പുകൽപിച്ചില്ലെന്നും സി.പി.എം പ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും ഭീഷണി കാരണം തങ്ങൾ ആത്മഹത്യാ മുനമ്പിലാണെന്നും സമരം നത്തിയ കണ്ണോത്ത് ഗോവിന്ദൻ ,ചന്ദ്രൻ, കൃഷ്ണൻ , ലക്ഷ്മണൻ എന്നിവർ പ്രതികരിച്ചു. ഇനിയും തങ്ങൾക്ക് നീതി ലഭിച്ചില്ലെങ്കിൽ കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ അനിശ്ചിത കാല സമരം നടത്തുമെന്നാണ് ഇവർ പറയുന്നത്.