മയ്യിൽ:- ചൊറുക്കള - ബാവുപ്പറമ്പ് മയ്യിൽ വിമാനത്താവളം ലിങ്ക് റോഡ് നിർമാണത്തിന്റെ ഭാഗമായുള്ള സമൂഹ്യാ ആഘാത പഠനം തുടങ്ങി. കോഴിക്കോട്ടെ വി.കെ കൺസൾട്ടൻസിയാണ് പഠനം നടത്തുന്നത്. സംഘം ആദ്യ ദിവസം കൊളോളം മുതൽ ബാവുപ്പറമ്പ് വരെ സന്ദർശിച്ചു.
2016ൽ മെക്കാഡം ടാർ ചെയ്യാൻ ഭരണാനുമതി ലഭിച്ചിരുന്ന റോഡിന് 2020ൽ വിമാനത്താവളം റോഡായി പരിഗണിച്ച് രണ്ടുവരി പാതയാക്കി നവീകരിക്കാൻ 293 കോടിയുടെ സാമ്പത്തിക അനുമതി നൽകിയിരുന്നു.
160 കോടി രൂപ ഭൂമി ഏറ്റെടുക്കാനും 133 കോടി രൂപ ടാറിങ്ങിനുമാണ് നീക്കിവച്ചത്. 25 കിലോ മീറ്റർ നീളമുള്ള റോഡിന്റെ നിർമാണം വേഗത്തിലാക്കാൻ എം.വി ഗോവിന്ദൻ എംഎൽഎ മന്ത്രിയായിരിക്കെ സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കാൻ നിർദേശം നൽകി.
കിഫ്ബിയുടെ പരിശോധനയിൽ അലൈൻമെന്റ് മാർക്ക് ചെയ്തത് നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടർന്ന് വീണ്ടും അടയാളപ്പെടുത്തിയാണ് റോഡ് നിർമാണ നടപടികൾ പുരോഗമിക്കുന്നത്. വിവിധ വില്ലേജുകളിലായി 6.98 ഹെക്ടർ ഭൂമിയിലാപഠനം. 90 ദിസത്തിനകം പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഏജൻസി അറിയിച്ചു.