സ്‌കൂള്‍ കെട്ടിടനിര്‍മാണത്തിലെ ക്രമക്കേട്; നിഷ്പക്ഷമായ അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കണം-എസ്.ഡി.പി.ഐ

 


നാറാത്ത്:- പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ ക്രമക്കേട് നടന്നെന്ന ഉപദേശക സമിതിയുടെ കണ്ടെത്തലിന്‍മേല്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് എസ്.ഡി.പി.ഐ പാമ്പുരുത്തി ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. 

വിഷയത്തില്‍ അന്നത്തെ പള്ളി കമ്മിറ്റിക്കും നിര്‍മാണ കമ്മിറ്റിക്കും ഗുരതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന പാമ്പുരുത്തി മുസ് ലിം ജമാഅത്ത് കമ്മിറ്റിയുടെ കണ്ടെത്തല്‍ ഏറെ ഗൗരവമുള്ളതാണ്. മഹല്ലിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും സാംസ്‌കാരിക പുരോഗതിക്കും വേണ്ടി മുന്‍ഗാമികള്‍ ചെയ്ത ത്യാഗത്തെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കും. ക്രമക്കേട് സംബന്ധിച്ച് വിശദവും നിഷ്പക്ഷവുമായ അന്വേഷണം നടത്താനും ആവശ്യമെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. വസ്തുതകള്‍ ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത ഉപദേശക സമിതിക്ക് ഉണ്ടെന്നിരിക്കെ നിസ്സാരമായി കാണുന്നത് വരുംകാലങ്ങളില്‍ മഹല്ലിലെ വിദ്യാഭ്യാസ-പൊതു പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാവും. രാഷ്ട്രീയ സ്വാധീനത്തിന്റെ പേരിലോ സ്വജനപക്ഷപാതത്തിന്റെ പേരിലോ ഇത്തരക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കരുത്. ബഹുഭൂരിഭാഗവും സാധാരണക്കാര്‍ താമസിക്കുന്ന നാട്ടിലെ വിദ്യാഭ്യാസ പുരോഗതിക്ക് വിഘാതമാവുന്ന വിധത്തിലുള്ള ക്രമക്കേടുകള്‍ ഒരുകാരണവശാലും അനുവദിക്കാനാവില്ല. സ്‌കൂളിന്റെ പുരോഗതിക്കും മുന്നോട്ടുള്ള പ്രയാണത്തിനും ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്നും എസ്ഡിപിഐ പാമ്പുരുത്തി ബ്രാഞ്ച് കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.

Previous Post Next Post