ഞായറാഴ്ചകളിൽ സ്വകാര്യ ബസ്സ് സർവ്വീസ് കുറവ് ; യാത്രാ ദുരിതത്തിൽ യാത്രക്കാർ
മയ്യിൽ : ഞായറാഴ്ചകളിൽ സ്വകാര്യബസുകൾ സർവീസ് നടത്താത്തത് ഗ്രാമീണ മേഖലകളിൽ യാത്രാദുരിതം ഉണ്ടാക്കുന്നു. കണ്ണൂർ- മയ്യിൽ -ചാലോട്, കണ്ണൂർ - മയ്യിൽ - പാവന്നൂർ കടവ്, കണ്ണൂർ-മയ്യിൽ- കണ്ടക്കൈ, കണ്ണൂർ -മയ്യിൽ - കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസ്, കണ്ണൂർ -മയ്യിൽ -മലപ്പട്ടം - ശ്രീകണ്ഠാപുരം പ്രദേശങ്ങളിലേക്കുള്ള ബസ്സുകളാണ് ഞായറാഴ്ചകളിൽ ഓടാൻ തയ്യാറാവാത്തത്. മിക്ക ബസ്സുകളും സർവീസ് നടത്താത്തതിനാൽ ബസ്സിനുവേണ്ടി മണിക്കൂറുകളോളം റോഡരികിൽ കാത്തുനിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. 50ലേറെ ബസ്സുകൾ സർവീസ് നടത്തുന്ന ഈ റൂട്ടുകളിൽ നാമമാത്രമായ ബസുകൾ മാത്രമാണ് ഞായറാഴ്ചകളിൽ സർവീസ് നടത്തുന്നത്. ഓട്ടം നിർത്തിവയ്ക്കുന്ന ബസ്സുകൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ ഞായറാഴ്ചകളിൽ ജീവനക്കാർ ഇല്ലാത്തത് കാരണമാണ് പല സർവീസുകളും നിർത്തിവയ്ക്കേണ്ടി വരുന്നത് എന്നാണ് ബസ് ഉടമകൾ പറയുന്നത്.