കണ്ണൂർ: മുണ്ടേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മുദ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പുതുതായി നിർമിച്ച സൗരോർജ പവർ പ്ലാന്റ് പ്രവർത്തിച്ചുതുടങ്ങി. രാജ്യസഭാ മുൻ അംഗവും മുണ്ടേരി മുദ്ര വിദ്യാഭ്യാസ പദ്ധതി ചെയർമാനുമായ കെ.കെ.രാഗേഷ് ഉദ്ഘാടനം ചെയ്തു.
രാജ്യത്തുതന്നെ ആദ്യമായാണ് വിദ്യാഭ്യാസസ്ഥാപനത്തിൽ ഇത്തരമൊരു സ്വയംപര്യാപ്ത പവർ ജനറേറ്റർ സംവിധാനം ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തിലെ മറ്റ് സ്കൂളുകളും ഇത്തരത്തിൽ ഉയർത്തിക്കൊണ്ടുവരാനുള്ള രൂപരേഖ മുദ്ര പദ്ധതിയുടെ ഭാഗമായി തയ്യാറായെന്നും അദ്ദേഹം പറഞ്ഞു.
മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ.അനിഷ അധ്യക്ഷത വഹിച്ചു. കളക്ടർ എസ്.ചന്ദ്രശേഖർ മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.കെ.സുരേഷ്ബാബു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.പ്രമീള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പങ്കജാക്ഷൻ, മുദ്രാസമിതി ജനറൽ കൺവീനർ പി.പി.ബാബു, കെ.എസ്.ഇ.ബി. കണ്ണൂർ ഡിവിഷൻ ഇലക്ട്രിക്കൽ സെക്‌ഷൻ എക്സി. എൻജിനിയർ എ.എൻ.ശ്രീലാകുമാരി, പ്രിൻസിപ്പൽ എം.മനോജ്‌കുമാർ, പ്രഥമാധ്യാപകൻ ഹരീന്ദ്രൻ കോയിലോടൻ, പി.സി.ആസിഫ് തുടങ്ങിയവർ പങ്കെടുത്തു.
സത്‌ലജ് ജൽവൈദ്യുത് നിഗം സി.എസ്.ആർ.ഫണ്ടിൽനിന്ന് അനുവദിച്ച 66.85 ലക്ഷം രൂപ ചെലവഴിച്ചാണ് സോളാർ പവർപ്ലാന്റ് ഒരുക്കിയത്. 100 കിലോവാട്ട് പീക്ക് പവറാണ് പ്ലാന്റിന്റെ ഔട്ട്പുട്ട്. കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ സ്ഥാപിച്ച 264 സോളാർ പാനലുകളിൽനിന്ന് പ്രതിദിനം ശരാശരി 400 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കും. കെ.എസ്.ഇ.ബി.യുടെ ഗ്രിഡ് കണക്ടഡ് സോളാർ പ്ലാന്റ് വഴി സ്കൂളിന്റെ ആവശ്യത്തിലധികം ലഭിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് നൽകാനും അതിൽനിന്ന് ലഭിക്കുന്ന തുക സ്കൂളിന്റെ മറ്റ് വികസനപ്രവൃത്തികൾക്ക് ഉപയോഗിക്കാനും കഴിയുന്ന വിധത്തിലാണ് പ്രവൃത്തി പൂർത്തിയാക്കിയത്. കൂടാതെ 60 വാട്ടിന്റെ 16 എൽ.ഇ.ഡി. തെരുവുവിളക്കുകളും പദ്ധതിയുടെ ഭാഗമായി സ്കൂൾ വളപ്പിലൊരുക്കും