കാട്ടാമ്പള്ളി:- വിദ്യാലയങ്ങളിലെ പഠനാന്തരീക്ഷം വിലയിരുത്താനും വിദ്യാർഥികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും മനസ്സിലാക്കാനും സ്കൂൾ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. അഴീക്കോട് നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് മണ്ഡലത്തിലെ 72 സ്കൂൾ ലീഡർമാർ കെ.വി.സുമേഷ് എം.എൽ.എ.യുമായി സംവദിച്ചത്.
പുതു തലമുറയുടെ കാഴ്ചപ്പാടുകൾ പറഞ്ഞുവെക്കാനുള്ള ഇടമായി പരിപാടി മാറി. ഓരോ ലീഡർമാരും അവരവരുടെ സ്കൂളുകളിലേക്ക് ലഭിക്കേണ്ട കാര്യങ്ങളും പൊതുവായ നിർദേശങ്ങളും മുന്നോട്ടുവെച്ചു. സ്കൂളിൽ പൂന്തോട്ടവും ആവശ്യത്തിന് കംപ്യൂട്ടറും വേണമെന്ന് അഴീക്കോട് എച്ച്.എസിലെ ലീഡർ പറഞ്ഞു.
പുസ്തകങ്ങൾ ഒരുപാടുണ്ടെങ്കിലും മതിയായ ലൈബ്രറി സൗകര്യമില്ലെന്നും അതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നുമായിരുന്നു ചിറക്കൽ രാജാസ് എച്ച്.എസ്.എസ്. പ്രതിനിധിയുടെ ആവശ്യം.
മീൻകുന്ന് എച്ച്.എസ്. എസിലെയും പള്ളിക്കുന്ന് എച്ച്.എസ്.എസിലെയും സ്കൂൾ ലീഡർമാരുടെ പ്രശ്നം കുടിവെള്ളക്ഷാമമായിരുന്നു. വേനൽക്കാലത്ത് കിണർ വറ്റുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നുവെന്ന് കുട്ടികൾ പറഞ്ഞു. വിദ്യാർഥികളിലെ ലഹരി ഉത്‌പന്നങ്ങളുടെ ഉപയോഗം തടയാൻ ശക്തമായ നടപടി ആസൂത്രണം ചെയ്യണമെന്നായിരുന്നു പുഴാതി എച്ച്.എസ്.എസിലെ ലീഡറുടെ ആവശ്യം./
കുട്ടികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾക്കൊണ്ടായിരിക്കും സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് രൂപം നൽകുകയെന്ന് അധ്യക്ഷത വഹിച്ച കെ.വി.സുമേഷ് എം.എൽ.എ. വ്യക്തമാക്കി. കുട്ടികളുടെ പ്രശ്‌നങ്ങൾ പഠിച്ച് ആവശ്യമായ മാറ്റം വരുത്താൻ ശ്രമിക്കുമെന്നും ഉറപ്പു നൽകി.
ജില്ലാ സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. ടി.സരള, കെ.കെ.രത്നകുമാരി, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജിഷ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ശ്രുതി (ചിറക്കൽ), കെ.രമേശൻ (നാറാത്ത്), കെ.അജീഷ് (അഴീക്കോട്), എ.വി.സുശീല (പാപ്പിനിശ്ശേരി), പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ പി.വി.പ്രദീപൻ, എസ്.എസ്.കെ. ജില്ലാ കോഓർഡിനേറ്റർ ഇ.സി.വിനോദ്, കണ്ണൂർ ഡി.ഇ.ഒ. കെ.സുനിൽകുമാർ, കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ വി.വി.പ്രേമരാജൻ, ഡയറ്റ് ലക്ചറർ കെ.ബീന, എ.ഇ.ഒ. പി.വി.വിനോദ് കുമാർ, അസാപ്പ് ജില്ല കോ ഓർഡിനേറ്റർ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.