തീയതിയും സമയവുമില്ലാത്ത ഭക്ഷണപാഴ്സലുകൾ നിരോധിച്ചു

 


തിരുവനന്തപുരം:- സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത് നിരോധിച്ചു. പാകംചെയ്ത തീയതിയും സമയവും എത്രസമയത്തിനുള്ളിൽ കഴിക്കണം എന്നതും വ്യക്തമാക്കണം. പാകംചെയ്ത് ഹോട്ടലുകളിൽനിന്ന് നൽകുന്ന ഭക്ഷണപ്പൊതികൾക്കാണ് ഉത്തരവ് ബാധകം.

ഒട്ടേറെ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടിയ സാഹചര്യം കണക്കിലെടുത്താണ് ഭക്ഷ്യസുരക്ഷാകമ്മിഷണർ ഉത്തരവിറക്കിയത്.

ഭക്ഷ്യസുരക്ഷാ മാനദണ്ഡപ്രകാരം ഹൈറിസ്ക് ഹോട്ട് ഫുഡ്സ് വിഭാഗത്തിലുള്ള ഭക്ഷണം പാകംചെയ്ത് രണ്ടുമണിക്കൂറിനുള്ളിൽ ഉപയോഗിച്ചിരിക്കണം. പാലും പാൽ ഉത്‌പന്നങ്ങളും ഇറച്ചിയും ഇറച്ചിയുത്‌പന്നങ്ങളും മീനും മീൻ ഉത്‌പന്നങ്ങളുമൊക്കെ ഈ വിഭാഗത്തിൽ വരും.

ഭക്ഷ്യസുരക്ഷാ കമ്മിഷണർ നൽകുന്ന നിശ്ചിതവലുപ്പത്തിലും നിറത്തിലുമുള്ള പ്രത്യേക ലേബൽ പതിക്കണമെന്ന നിർദേശമാണ് ആദ്യം പരിഗണിച്ചത്. എന്നാൽ, അത് പ്രായോഗികമല്ലെന്നുകണ്ടാണ് ഹോട്ടലുകളുടെ സ്വന്തം സ്റ്റിക്കർ മതിയെന്ന തീരുമാനത്തിലെത്തിയത്.

Previous Post Next Post