മയ്യിൽ : കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മയ്യിൽ പോലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. നാറാത്തെ ചുള്ളേരി കോമളവല്ലിയുടെ പരാതിയിലാണ് കേസെടുത്തത്. 15.60 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പരാതി. ഉയർന്ന പലിശ വാഗ്ദാനം ചെയ്തതിനെ തുടർന്ന് 2022 ഫെബ്രുവരി 15 നാണ് പണം നിക്ഷേപിച്ചത്.
കണ്ണൂർ അർബൻ നിധി ഡയറക്ടർ കെ.എം. ഗഫൂർ, സഹസ്ഥാപനമായ 'എനി ടൈം മണി' യുടെ ഡയറക്ടർമാരായ ഷൗക്കത്ത് അലി, ആന്റണി, അർബൻ നിധി അസി. ജനറൽ മാനേജർ ജീന, ബ്രാഞ്ച് മാനേജർ ഷൈജു, സീനിയർ മാനേജർ ടിന്റോ അറക്കൽ, അസി. ജന റൽ മാനേജർ സി. ചന്ദ്രൻ എന്നിവരാണ് കേസിലെ പ്രതികൾ.
ഇതിൽ ടിന്റോ അറക്കൽ, സി. ചന്ദ്രൻ എന്നിവർ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട മയ്യിലിലെ കേസിലെ പുതിയ പ്രതികളാണ്. അർബൻ നിധി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മയ്യിൽ പോലീസ് ഇതുവരെ അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തത്.
കുറ്റ്യാട്ടൂരിലെ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ കെ.വി. വത്സരാജനിൽ നിന്ന് 13.30 ലക്ഷം രൂപയും കരിങ്കൽകുഴിയിലെ പി. ആതിരയിൽ നിന്ന് 15.18 ലക്ഷം രൂപയും കണ്ണാടിപ്പറമ്പ് ശബരി നിവാസിൽ മുരളിയിൽ നിന്ന് 15.20 ലക്ഷം രൂപ യും കണ്ണാടിപ്പറമ്പിലെ പുളുക്കൽ നിഷയിൽ നിന്ന് 7.60 ലക്ഷം രൂപയും തട്ടിയെന്ന പരാതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ മയ്യിൽ പോലീസ് കേസെടുത്തിരുന്നു. മയ്യിൽ ഇൻസ്പെക്ടർ ടി.പി സുമേഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.