മയ്യിൽ :- കേരളാ സാംസ്‌കാരിക വകുപ്പും മയ്യിൽ ജനസംസ്കൃതിയും ചേർന്ന് സാംസകാരിക വകുപ്പിന്റെ വിവിധ ഏജൻസികളുടെ കലാപരിപാടികൾ കോർത്തിണക്കി സംഘടിപ്പിക്കുന്ന 'അരങ്ങുത്സവം- മയ്യിലിന്റെ സ്വന്തം ഉത്സവം' പരിപാടികൾ ചൊവ്വാഴ്ച തുടങ്ങും. മാർച്ച് എട്ടുവരെയുള്ള പരിപാടി മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടില് സജ്ജമാക്കിയ വേദിയിലാണ് അരങ്ങേറുക.
അരങ്ങുത്സവം ചൊവ്വാഴ്ച വൈകിട്ട് 6.30ന് ടി പത്മനാഭൻ ഉദ്‌ഘാടനം ചെയ്യും. സിനിമാ താരങ്ങളായ സുരഭി ലക്ഷ്മി, ബൈജു, മുൻ ആരോഗ്യ മന്ത്രി പി കെ ശ്രീമതി എന്നിവർ പങ്കെടുക്കും തുടർന്ന് ഓപ്പണിങ് ഡാൻസ്, ഗുരുഗോപിനാഥ് നടന കലാ കേന്ദ്രത്തിന്വേണ്ടി പ്രശസ്ത സിനിമ താരം പത്മശ്രീ ശോഭനയും സംഘവും അവതരിപ്പിക്കുന്ന ഭരതനൃത്തം എന്നിവ അരങ്ങേറും.
മാർച്ച് ഒന്നിന് മുൻ എംഎൽഎ എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. സിനിമ താരം സുഭീഷ് സുധി, സംവിധായകൻ ഷെറി ഗോവിന്ദ് എന്നിവർ പങ്കെടുക്കും. തുടർന്ന് കേരള നടനം ഫ്യൂഷൻ, അംബിക മോഹന്റെ നേതൃത്വത്തിൽ ഡിസൈപ്പിൾ ഓഫ് ഡോ. ഗുരു ഗോപിനാഥ്, ഗുരുഗോപിനാഥ് നടനഗ്രാമം അവതരിപ്പിക്കുന്ന കലയ്മാമിനി ഗോപിക വർമ്മയുടെ മോഹിനിയാട്ടം എന്നിവ അരങ്ങേറും.
മാർച്ച് രണ്ടിന് പരിപാടികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്‌ഘാടനം ചെയ്യും. സിനിമ താരം അനൂപ് ചന്ദ്രൻ, ഖാദി ബോർഡ് ചെയർമാൻ പി ജയരാജൻ എന്നിവർ മുഖ്യാതിഥികളാകും. തുടർന്ന് ഭാരത് ഭവൻ അവതരിപ്പിക്കുന്ന വയലി ബാംബു മ്യൂസിക് ബാൻഡ് എന്നിവ നടക്കും.
മാർച്ച് 3ന് പരിപാടികൾ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യും. സിനിമ താരം സന്തോഷ് കീഴാറ്റൂർ, കെ കെ ശൈലജ എംഎൽഎ, ശങ്കർ റായ് എന്നിവർ പങ്കെടുക്കും. തുടർന്ന് എർത്ത് ലോർ, നഞ്ചിയമ്മയും സംഘവും അവതരിപ്പിക്കുന്ന ഗാനങ്ങളും ഗോത്ര രൂപങ്ങളും.
മാർച്ച് 4ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും. സ്പീക്കർ എ എൻ ഷംസീര്, കെ വി സുമേഷ് എംഎൽഎ, ക്ഷേത്ര കലാ അക്കാദമി ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും. തുടർന്ന് അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന സോൾ ഓഫ് ഫോക് എന്നിവ അരങ്ങേറും.
മാർച്ച് 5ന് സൂര്യ കൃഷ്ണമൂർത്തി ഉദ്‌ഘാടനം ചെയ്യും. ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, ടി വി രാജേഷ്, എൻ ചന്ദ്രൻ എന്നിവർ പങ്കെടുക്കും. ശേഷം നടി ആശാ ശരത്ത് അവതരിപ്പിക്കുന്ന 'ആശാനടനം' എന്നിവ നടക്കും.
മാർച്ച് 6ന് ഡോ. വി ശിവദാസൻ എംപി ഉദ്‌ഘാടനം ചെയ്യും. എഴുത്തുകാരി ഡോ. ജിസ ജോസ് പങ്കെടുക്കും. തുടർന്ന് എസ് മഹാലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന പാദപ്രതിഷ്ഠ ഡാൻസ് തീയേറ്റർ എന്നിവ നടക്കും.
മാർച്ച് 7ന് മുൻ മന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി പങ്കെടുക്കും. സംഗീത നാടക അക്കാദമി, തിയേറ്റർ ഇന്ത്യ അവതരിപ്പിക്കുന്ന നവോഥാനം മൾട്ടി മീഡിയ ഡിജിറ്റൽ തിയേറ്റർ എന്നിവ അരങ്ങേറും.
മാർച്ച് 8ന് പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദൻ ഉദ്‌ഘാടനം ചെയ്യും. ചടങ്ങിൽ പൂർണിമ ഇന്ദ്രജിത്തിന് വനിതാ ദിന പുരസ്‌കാരം സമർപ്പിക്കും. വത്സൻ പനോളി പങ്കെടുക്കും. തുടർന്ന് ആദിൽ അത്തുവും സംഘവും അവതരിപ്പിക്കുന്ന ഇശൽ രാവ് ഗാനമേളയും അരങ്ങേറും. മുഴുവൻ ദിവസവും വൈകിട്ട് അഞ്ചു മുതൽ പ്രാദേശിക കലാപ്രതിഭകളുടെ കലാപരിപാടികളുണ്ടാകും.