ചിറക്കൽ:- പുതിയതെരുവിൽ ദേശീയ പാതയോരത്തെ കടയുടെ പുറകിലെ മുറിയിൽ കഴിയുന്ന വലിയ പറമ്പത്ത് വേലായുധനെയും കുടുംബത്തെയും കെ വി സുമേഷ് എംഎൽഎ സന്ദർശിച്ചു. ഭാര്യക്കും സഹോദരിക്കും ഭിന്നശേഷിക്കാരനായ മകനുമൊപ്പമാണ് വേലായുധൻ ഇവിടെ കഴിയുന്നത്. വേലായുധന്റെ മറ്റൊരുമകനായ സുനിലുമായി എംഎൽഎ സംസാരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങളെ താൻ താമസിക്കുന്ന വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഒരുക്കമാണെന്ന് അദ്ദേഹം അറിയിച്ചു. ഭിന്നശേഷിക്കാരനായ മകൻ സുധീഷിനെ മികച്ച പരിചരണം ലഭിക്കുന്ന സ്ഥാപനത്തിലേക്ക്് മാറ്റാമെന്നും എംഎൽഎ അറിയിച്ചു. പ്രായാധിക്യമുള്ള വേലായുധന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ആവശ്യമായ ചികിത്സ ഏർപ്പെടുത്താനുള്ള നടപടികൾക്കും എംഎൽഎ നിർദേശം നൽകി. ഏറെ വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തുനിന്ന് മാറാൻ കട ഉടമയിൽ നിന്ന് നഷ്ടപരിഹാരം കിട്ടണമെന്ന ആവശ്യമാണ് വേലായുധൻ മുന്നോട്ടുവെച്ചത്. ഇക്കാര്യത്തിൽ സാധ്യമായ സഹായം ചെയ്യാൻ ഇടപെടാമെന്ന് എംഎൽഎ ഉറപ്പുനൽകി. കട ഉടമയുമായും എംഎൽഎ സംസാരിച്ചു. നഷ്ടപരിഹാരം നൽകുന്ന കാര്യം ആലോചിച്ച് അറിയിക്കാമെന്ന് കട ഉടമ പറഞ്ഞു. പിന്നീട്, മെഡിക്കൽ ഓഫീസർ സ്ഥലത്തെത്തി വേലായുധനെയും കുടുംബത്തെയും പരിശോധിച്ചു.
ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി അനിൽകുമാർ, എ ഡി എം കെ കെ ദിവാകരൻ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ എം അഞ്ജു മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ചന്ദ്രമോഹൻ, സ്റ്റാന്റിങ് ചെയർമാൻമാരായ എൻ ശശീന്ദ്രൻ, കെ വത്സല, വാർഡ് അംഗം സീമ, വില്ലേജ് ഓഫീസർ എ കെ ആരിഫ് തുടങ്ങിയവരും എംഎൽഎക്കൊപ്പം ഉണ്ടായിരുന്നു.