മയ്യിൽ:- മയ്യിൽ അരി ഉത്പാദക കമ്പനിയുടെ പ്രവർത്തനങ്ങൾ നേരിട്ടറിയാൻ ലോക ബാങ്ക് പ്രതിനിധികൾ മയ്യിലിലെത്തി.സംസ്ഥാനസർക്കാരിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ സാധ്യതകൾ മനസ്സിലാക്കി ലോക ബാങ്കിന്റെ പിന്തുണയോടെ പദ്ധതി വിപുലീകരിക്കുക ലക്ഷ്യമിട്ടായിരുന്നു സന്ദർശനം.
ലോക ബാങ്കിന്റെ സീനിയർ ഇക്കണോമിസ്റ്റ് ആന്ത്രെസ് എഫ്. ഗാർസ്യ, സീനിയർ ഗ്രാമവികസന സ്‌പെഷ്യലിസ്റ്റ് വിനായക് ഘടാട്ടെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണെത്തിയത്.
അരി കമ്പനിയുടെ വേളത്തെ നെല്ല് സംഭരണ യൂണിറ്റ്, പാടശേഖരങ്ങൾ, സംഘം ഓഫീസ് എന്നിവിടങ്ങളിലെത്തി കർഷകരോട് സംവദിച്ചു.ജില്ലാ കൃഷി അസി. ഡയറക്ടർ സി. സുരേഷ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ പ്രദീപ് കുമാർ, കൃഷിവിജ്ഞാനകേന്ദ്രം ഡയറക്ടർ ഡോ. പി. ജയരാജ്, മയ്യിൽ കൃഷി ഓഫീസർ എസ്. പ്രമോദ്, കമ്പനി ചെയർമാൻ കെ.കെ. രാമചന്ദ്രൻ, മാനേജിങ് ഡയറക്ടർ ടി.കെ. ബാലകൃഷ്ണൻ, സി.ഇ.ഒ. യു. ജനാർദനൻ എന്നിവർ സംഘത്തെ അനുഗമിച്ചു.