പുലീപ്പി ഹിന്ദു എൽ.പി സ്കൂളിൽ സഹവാസം ക്യാമ്പ് സമാപിച്ചു


കണ്ണാടിപ്പറമ്പ് : ഇരുപത് വർഷക്കാലമായി പുലീപ്പി ഹിന്ദു എൽ.പി സ്കൂളിലെ അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്കു മാത്രമായി നടത്തിവരുന്ന സഹവാസം ഈ വർഷവും വിവിധ പ്രവർത്തനാധിഷ്ഠിത പരിപാടികളോടെ  ഇന്ന്  സമാപിച്ചു. ഇന്നലെ  പ്രശസ്ത ചിത്രകാരനും ഇന്ത്യ, അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ് ജേതാവും പൂർവ വിദ്യാർത്ഥിയുമായ കെ. അനജാണ് സഹവാസം ഉദ്ഘാടനം ചെയ്ത് ആദ്യ ക്ലാസ്സ് നടത്തിയത്. വര എന്ന കലയിലേക്ക് വരാനുണ്ടായ സാഹചര്യവും  അതിലൂടെയുള്ള തന്റെ വളർച്ച സമൂഹം അംഗീകരിച്ചതും വരയും രുചിയുമെന്ന ക്ലാസ്സിലൂടെ അദ്ദേഹം കുട്ടികളോട് പറഞ്ഞു കൊടുത്തു.

ശാസ്ത്ര പാഠത്തിൽ മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് (ആർട്ടെമിസ് ) എന്ന ബഹിരാകാശ ദൗത്യവും അതിന്റെ ഘട്ടങ്ങളും മുല്ലക്കൊടി മാപ്പിള എൽ.പി.സ്കൂൾ റിട്ട. അധ്യാപകൻ  സി.കെ സുരേഷ് ബാബു ലളിതമായി അവതരിപ്പിച്ചു. തുടർന്ന നടന്ന പലഹാരമേള വൈവിധ്യങ്ങളുടെ രുചിക്കൂട്ടായി.

സർവ്വമത പ്രാർത്ഥനയും ആരോഗ്യ പാഠവും തുടർന്ന് നടന്നു. ക്യാമ്പ് ഫയർ സർഗ ശേഷി അവതരിപ്പിക്കാനുള്ള വേദിയായി. രാത്രി 8.30 ന് അരങ്ങ് കലാസമിതി അവതരിപ്പിച്ച നാടൻ പാട്ടുകളും സഹവാസത്തിനു മാറ്റുകൂട്ടി. ഇന്നു കാലത്ത് പ്രകൃതിപാഠത്തിന്റെ ഭാഗമായി പുലൂപ്പിക്കടവിലേക്ക് പ്രഭാത നടത്തവും പ്രകൃതി സൗന്ദര്യാസ്വാദനവും വേറിട്ട അനുഭവമായി. തുടർന്ന് പാട്ടും കളിയുമെന്ന പാഠം തളിപ്പറമ്പ് കൊട്ടാരം യു.പി.സ്കൂളിലെ ശരത്തും കൗശല പാഠം പാപ്പിനിശ്ശേരി ബി.ആർ സി യിലെ അധ്യാപിക മീനയും കൈകാര്യം ചെയ്തു. രാവിലെ 11.30 നു നടന്ന സമാപന പരിപാടിയിൽ പി.ടി.എ.പ്രസിഡണ്ട് എൻ. വി. ലതീഷ് വാര്യർ, പ്രധാനാധ്യാപകൻ പി.സി. ദിനേശൻ , അധ്യാപകരായ പി. മനോജ് കുമാർ , കെ. ഉഷ എന്നിവർ സംസാരിച്ചു. രക്ഷിതാക്കളുടെ പ്രോത്സാഹനവും സഹായവും ക്യാമ്പിനു മാറ്റുകൂട്ടി.

Previous Post Next Post