കണ്ണൂർ: - മയ്യിൽ കണ്ടക്കൈ എ എൽ പി സ്കൂൾ (കൊളാപ്പറമ്പ്) രണ്ടാം ക്ലാസ് വിദ്യാർത്ഥിനി വൈഖരി സാവൻ എന്ന പൊന്നാമ്പലയ്ക്ക് കലാഭവൻ മണി ഫൗണ്ടേഷൻ്റെ പ്രഥമ ബാല്യശ്രീ പുരസ്കാരം ലഭിച്ചു. രജീഷ് മുളവുകാട്, സുരേഷ് കരിന്തലക്കൂട്ടം, സുഭാഷ് മാലി, സുധി നിട്ടൂർ എന്നിവരടങ്ങിയ ജൂറി പാനലാണ് അവാർഡ് നിർണയം നടത്തിയത്.
മാർച്ച് 6 ന് തൃശൂർ കേരള സംഗീത നാടക അക്കാദമി ഓഡിറ്റോറിയത്തിൽ ചലചിത്ര സംവിധായകൻ വിനയനും രമ്യ ഹരിദാസ് എം പി യും ചേർന്ന് അവാർഡ് സമ്മാനിക്കും. കേരളത്തിനകത്തും പുറത്തും നാടൻ പാട്ടു പരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധേയയായ കലാകാരിയാണ് പൊന്നാമ്പല.
കുഞ്ഞു വൈഖരി രണ്ടു വയസിൽ കയരളം ഒറപ്പടിയിൽ നടന്ന ഒരു സാംസ്കാരിക പരിപാടിക്കിടയിൽ തന്റെ പാട്ടുപാടാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും യാതൊരു പരിശീലനവും ഇല്ലാതെ വേദിയിലെത്തി മിന്നാം മിനുങ്ങേ എന്നു തുടങ്ങുന്ന ഗാനം ആലപിച്ച് കാണികളുടെ കയ്യടി നേടി. രണ്ടരവയസിൽ ഒറപ്പടി കലാകൂട്ടായ്മയുടെ "നാട്ടുത്സവം നാടൻ പാട്ടു മേള "യിലൂടെ ഉത്തര മലബാറിലെ നിരവധി വേദികളിൽ നാടൻ പാട്ടുകൾ പാടി തുടങ്ങിയ വൈഖരി മൂന്നാം വയസിൽ തന്നെ ടിവി - സിനിമാ താരങ്ങളുടെ കൂടെ മെഗാഷോകളിലും സാന്നിധ്യമായി. പ്രളയകാലത്ത് പാട്ടുവണ്ടിയിലൂടെ തുക സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറുന്ന ഒറപ്പടി കലാകൂട്ടായ്മയുടെയും നാട്ടുകലാകാരന്മാരുടെയും പ്രവർത്തനത്തിൽ പങ്കാളിയായി. കൊറോണക്കാലത്ത് നവമാധ്യമങ്ങളിലൂടെ നിരവധി ഓൺ ലൈൻ തത്സമയ പരിപാടികൾ അവതരിപ്പിച്ചു.
"പൊന്നാമ്പല" എന്ന പേരിൽ കൊറോണ ബോധവൽക്കരണ നാടകം ഓൺലൈനിലൂടെ അവതരിപ്പിച്ച് ആയിരക്കണക്കിന് പ്രേക്ഷകരുടെ അഭിനന്ദനങ്ങളേറ്റുവാങ്ങി. മുന്ന, വെളുത്ത മധുരം എന്നീ സിനിമകളിലും ചെറിയ വേഷം ഈ കൊച്ചു കലാകാരി ചെയ്തിട്ടുണ്ട്. അഥീന നാടകനാട്ടറിവ് വീടിൻ്റെയും ഒറപ്പടി കലാകൂട്ടായ്മയുടെയും നാടൻ പാട്ടുമേളയുടെ പരിശീലനം നിരന്തരം കണ്ടാണ് വൈഖരിയും നാടൻ പാട്ടുരംഗത്തേക്ക് കടന്നു വന്നത്. ഇപ്പോൾ കണ്ണൂർ അഥീന നാടക- നാട്ടറിവ് വീടിന്റെ നാട്ടുമൊഴി, തിറയാട്ടം എന്നീ നാടൻ പാട്ടു മേളകളിലെ മിന്നും താരമാണ് വൈഖരി.
തനതു പാട്ടായ കാലെ കാല കുംഭ , തില്ലേലെ ലേലേലോ പുള്ളേ റങ്ക് മാ, തുഞ്ചൻ പറമ്പിലെ പഞ്ചവർണക്കിളി, താ തമ്പി തരികിട തോം, ഒന്നാനാം നല്ലൊരിളം കവുങ്ങ്, ഒന്നാം മണിക്കിണറ്റിൽ എന്നിവയാണ് വൈഖരി വേദികളിൽ പാടി വരുന്നതിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകൾ നിങ്ങള് നിങ്ങളെ മാത്രം, നമ്മളല്ലാതെ മറ്റാരു സഖാക്കളെ , ഉമ്പായി കുച്ചാണ്ട് , കൊട്ടപ്പം കൊട്ടാങ്ങളെ , ചന്ദന പൂവരമ്പിനരികരികെ, അമ്മേ നാരായണ, എന്നാലുമേ എന്റെ നാത്തൂന്മാരേ... തുടങ്ങിയ പാട്ടുകളും വേദിയിൽ പാടാറുണ്ട്. എട്ടു വയസിനിടയിൽ കേരളത്തിലെ മിക്ക ജില്ലകളിലും മഹാരാഷ്ട്ര , തമിഴ്നാട്, കർണ്ണാടക, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലുമായി മുന്നൂറിലേറെ വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
കണ്ണൂർ കരിങ്കൽക്കുഴി ഭാവന തിയേറ്റേഴ്സിൻ്റെ 2022 ലെ ഭാവന നവ പ്രതിഭാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽ പി വിഭാഗം കഥാകഥനത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു. IFKKയിൽ ചലചിത്ര അക്കാദമിയുടെ അനുമോദനം ലഭിച്ചിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ അന്തേവാസികൾക്കായി പാട്ടുകൾ പാടുകയും ജയിൽ സൂപ്രണ്ടിൻ്റെ അനുമോദനവും ആദരവും ലഭിച്ചിട്ടുണ്ട്.
നാടക-സിനിമാ സംവിധായകൻ ജിജു ഒറപ്പടിയുടെയും ശിശിര കാരായിയുടെയും ഏക മകൾ. അച്ഛനും അമ്മയ്ക്കും അമ്മമ്മ കെ.കെ .ശാരദക്കുമൊപ്പം കയരളം ഒറപ്പടിയിൽ കണ്ടത്തിൽ ഹൗസിൽ താമസം.