ജി.സി.ഐ ഫെസ്റ്റ് : മികച്ച നേട്ടങ്ങളുമായി തളിപ്പറമ്പിലെ ഫെല്ലോഷിപ്പ് പഠിതാക്കൾ

 



കണ്ണൂർ:-എറണാകുളത്ത് നടക്കുന്ന ഗവൺമെൻ്റ് കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാന കലോത്സവം ജി സി ഐ ഫെസ്റ്റിൽ മികച്ച നേട്ടങ്ങളുമായി ഫെല്ലോഷിപ്പ് പഠിതാക്കൾ.കേരള സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിലൂടെ തളിപ്പറമ്പ് നെല്ലിപ്പറമ്പ് സെൻ്ററിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ തളിപ്പറമ്പ് ജി.സി.ഐ വിദ്യാർത്ഥികളാണ് സംസ്ഥാന ഫെസ്റ്റിൽ മികച്ച വിജയം നേടിയത്.നാടൻ പാട്ടുമത്സരത്തിൽ 25 ടീമുകളെ പിന്തള്ളിയാണ് തളിപ്പറമ്പ് ജി സി ഐ  ഒന്നാമതായത്.ശരത്കൃഷ്ണൻ മയ്യിലാണ് പരിശീലനം നൽകിയത്. 

സി കെ സ്നേഹ, പി വി ശ്രേയ, പി.വി നന്ദന, കെ.പി.അനുശ്രീ, ദേവിക മോൾ, ടി അനന്യ, കെ എസ് അഞ്ജിത, അർഷ രാജീവ്, ശംസീന, എം വി ഹൃദ്യ എന്നിവരാണ് നാടൻ പാട്ടു പാടിയത്.  വയനാട്ടിലെ  ഗോത്ര വിഭാഗമായ പണിയർ കാർഷിക വൃത്തിയോട് അനുബന്ധിച്ച് നടത്തി വരുന്ന കലാ രൂപമായ കമ്പളനാട്ടിയുടെ കമ്പളകളി പാട്ടാണ് സമ്മാനാർഹമായത്.

വജ്രജൂബിലി ഫെല്ലോഷിപ്പ് ഇരിക്കൂർ ബ്ലോക്ക് കൺവീനറായ ശരത്കൃഷ്ണൻ  ആദിവാസി ഊരുകളിൽ ഉൾപ്പെടെ താമസിച്ചാണ് പഴമയുടെ പാട്ടുകൾ ശേഖരിച്ച് മത്സരവേദികളിൽ ഉൾപ്പെടെ എത്തിച്ച് ജനകീയമാക്കാൻ ശ്രമിക്കുന്നത്. 

കണ്ണൂർ യൂനിവേഴ്സിറ്റി കലോത്സവത്തിലും കുടുംബശ്രീ കലോത്സവത്തിലും വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിലൂടെ ശരത് കൃഷ്ണൻ പരിശീലനം നൽകിയ സംഘങ്ങൾ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

സംഘനൃത്തത്തിന് രണ്ടാംസ്ഥാനവും തിരുവാതിരക്കളിയിൽ മൂന്നാം സ്ഥാനവും ഫെല്ലോഷിപ്പ് പദ്ധതിയിലൂടെ പരിശീലനം നേടിയ തളിപ്പറമ്പ് ജി സി ഐ ടീം കരസ്ഥമാക്കി. സംഘനൃത്തത്തിൽ ആർഷ ഷാരോണും തിരുവാതിരക്കളിയിൽ

ഷിൽന നികേഷ്, ദിൽന കെ തിലക് എന്നിവരുമാണ് പരിശീലനം നൽകിയത്.കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ജില്ലാ കോ-ഓർഡിനേറ്റർ  മിനേഷ് മണക്കാടിൻ്റെ നേതൃത്വത്തിലാണ് പരിശീലനം.

Previous Post Next Post