സംസ്ഥാന കായകല്‍പ്പ് അവാര്‍ഡില്‍ ജില്ലയിലെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി എഫ് എച്ച് സി മലപ്പട്ടവും

 


കണ്ണൂർ:-2022-23 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡില്‍ അഭിമാന നേട്ടം കരസ്ഥമാക്കി കണ്ണൂര്‍ ജില്ല. ജില്ലയിലെ അഞ്ച് സര്‍ക്കാര്‍ ആശുപത്രികളാണ് പുരസ്‌കാരം നേടിയത്.  ജില്ലാതല ആശുപത്രികളില്‍ 81.57 ശതമാനം മാര്‍ക്ക് നേടി മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മികച്ച നേട്ടം കരസ്ഥമാക്കി. അവാര്‍ഡ് തുക മൂന്ന് ലക്ഷം രൂപ സ്ഥാപനത്തിന് ലഭിക്കും. സംസ്ഥാന തലത്തില്‍ നഗരപ്രാഥമികാരോഗ്യ കേന്ദ്രം വിഭാഗത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മട്ടന്നൂര്‍ പൊറോറ (70.80 %) ആശുപത്രിക്ക് 50,000 രൂപയും കമന്റേഷന്‍ അവാര്‍ഡായി ലഭിക്കും.

പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ ജില്ലയിലെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി എഫ്എച്ച്‌സി കോട്ടയം മലബാര്‍. തിരഞ്ഞെടുക്കപ്പെട്ടു. 96.3% മാര്‍ക്കാണ് കോട്ടയം മലബാറിന് ലഭിച്ചത്.  രണ്ട് ലക്ഷം രൂപ സ്ഥാപനത്തിന് അവാര്‍ഡ് തുക ലഭിക്കും.  ജില്ലയില്‍ തന്നെ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളായ എഫ്എച്ച്‌സി തേര്‍ത്തല്ലി (82.9),  എഫ്എച്ച്‌സി മലപ്പട്ടം (82.1) എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 50,000 രൂപ വീതവും കമന്റേഷന്‍ അവാര്‍ഡ് ലഭിക്കും. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തത്.

സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വപരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്.  ജില്ലാ ആശുപത്രികള്‍, താലൂക്കാശുപത്രികള്‍, സാമൂഹ്യാരോഗ്യകേന്ദ്രങ്ങള്‍ (സിഎച്ച്സി), പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (പിഎച്ച്സി), നഗര പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ (യുപിഎച്ച്സി)  എന്നിവയില്‍നിന്നു തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിയന്ത്രണ കമ്മിറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്. ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയ ആരോഗ്യദൗത്യം, തദ്ദേശഭരണ സ്ഥാപനങ്ങള്‍, ആശുപത്രി ജീവനക്കാര്‍, എച്ച്എംസി അംഗങ്ങള്‍, വകുപ്പുകളിലെ ജീവനക്കാര്‍ എന്നിവരുടെയും സേവനങ്ങള്‍ക്കുള്ള അംഗീകാരമായി പുരസ്‌കാരം.

Previous Post Next Post