മയ്യിൽ:- വിഷുപ്പുലരിയിൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാർ കസ്റ്റഡിയിൽ. കാറോടിച്ച മാണിയൂർ കട്ടോളിയിലെ പുളിക്കൽ ദിനേശനെ (55)തിരെ മയ്യിൽ പോലീസ് കേസെടുത്തു.
ദിനേശന്റെ പേരിലുള്ള കാറാണ് കാര്യാംപറമ്പ്-പൊറോളം റോഡിൽ അപകടത്തിൽ പെട്ടത്. സംഭവത്തിൽ ബൈക്ക് യാത്രക്കാരനായ കടൂർ ഒറവയൽ കനിക്കോട്ട് കുളങ്ങര മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ ഇരിങ്ങ ഹൗസിൽ വൈശാലി(36)ന് സാരമായ പരിക്കേറ്റിരുന്നു. കൈക്കും കാലിനും മുതുകിനും പരിക്കേറ്റതിനെ തുടർന്ന് ഇദ്ദേഹം മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. അപകടത്തിൽ തെറിച്ചു വീണ കാറിന്റെ വീൽ കപ്പ്, കണ്ണാടി എന്നിവയാണ് കാർ കണ്ടെത്തുന്നതിനിടയാക്കിയത്.
മയ്യിൽ ഇൻസ്പെക്ടർ ടി.പി. സുമേഷ്, സിവിൽ പോലീസ് ഓഫീസർ റാസിം പി.കണിയാട്ട എന്നിവരാണ് കേസന്വേഷിച്ചത്. അൻപതിലധികം സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചതിൽ ഒരേ ദിശയിലേക്ക് പോകുന്നതിനിടയിലാണ് വാഹനം അപകടത്തിൽപെട്ടത്.