മയ്യിൽ :- സംസ്ഥാനത്തെ അതിദരിദ്രരായ 60 കുടുംബങ്ങൾക്ക് സ്‌നേഹവീടുകൾ നിർമിക്കാൻ ഒരുങ്ങി കേരള എൻ ജി ഒ യൂണിയൻ. യൂണിയന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് വീടുകൾ നിർമിച്ച് നൽകുന്നത്. സ്നേഹ വീടുകളുടെ തറക്കല്ലിടൽ കർമത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മയ്യിൽ ചെറുപഴശ്ശിയിൽ സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.
ജില്ലയിൽ നാല് വീടുകളുടെ നിർമാണങ്ങൾക്കാണ് തുടക്കമായത്. ജീവനക്കാരിൽ നിന്ന് മാത്രം സമാഹരിക്കുന്ന ഏഴ് ലക്ഷം രൂപയാണ് ഒരു വീടിന് ചെലവാക്കുക. യൂണിയൻ നേതൃത്വത്തിന് പുറമേ പ്രാദേശികമായി രൂപവത്കരിക്കുന്ന കമ്മിറ്റികൾക്കാണ് നിർമാണ ചുമതല. സംസ്ഥാന പ്രസിഡണ്ട് എം വി ശശിധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം എം അജിത് കുമാർ, പഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത, ടി കെ ഗോവിന്ദൻ, എൻ അനിൽ കുമാർ എന്നിവർ സംസാരിച്ചു.