ഹരിതകർമ്മസേന പ്രവർത്തകരെ ആദരിച്ച് കൊളച്ചേരി ഇ.പി.കെ.എൻ.എസ്.എ.എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം


കൊളച്ചേരി :-
'ചേച്ചീ വീടുകളിൽ പ്ലാസ്റ്റിക് ശേഖരിക്കാൻ പോയപ്പോഴുണ്ടായ അനുഭവങ്ങൾ പറയാമോ?' ചോദ്യം നാലാം ക്ലാസിലെ  അൻവികയുടേയത്.പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഹരിത കർമ്മ സേനയിലെ അംഗങ്ങളെ ആദരിക്കാൻ കൊളച്ചേരി ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ പി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ചോദ്യമുയർന്നത്. ദീപ, പ്രീത, റീന, രേഷ്മ എന്നീ ഹരിത കർമ്മ സേനാംഗങ്ങളാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. 'എല്ലാവരുമല്ല. എങ്കിലുംഞങ്ങളെ കരയിപ്പിച്ച ഒട്ടേറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.പുറത്തു പറയാൻ പറ്റാത്ത അറപ്പുളവാക്കുന്ന ഭാഷയിൽ തെറി പറഞ്ഞവർ. ശേഖരിച്ച പ്ലാസ്റ്റിക്കുകൾ ശേഖരിച്ച വണ്ടിയിൽ നിന്നും അറിയാതെ വീണുപോയ ഒരു കെട്ടിൻ്റെ പേരിൽ വലിയ കോലാഹലമുണ്ടാക്കിയവർ.... ആദ്യമൊക്കെ ഞങ്ങൾക്ക് വലിയ വിഷമമായിരുന്നു. എന്തിന് ഇതൊക്കെ കേൾക്കണം? പക്ഷെ ഇപ്പോൾ ഇതൊന്നും ഞങ്ങളെ ബാധിക്കാറില്ല. നാടിൻ്റെ, വരും തലമുറയുടെ നന്മയ്ക്ക് വേണ്ടിയല്ലേ.അറിവില്ലാത്തതു കൊണ്ടായിരിക്കില്ല എന്നു സമാധാനിക്കും. ഞങ്ങൾ ഞങ്ങളുടെ കടമ ചെയ്യുന്നു. മക്കളോട് പറയാനുള്ളത് ഒന്നു മാത്രം. മിഠായിക്കടലാസ് പോലും ഒന്നും വലിച്ചെറിയല്ലേ. സൂക്ഷിച്ച് വെക്കുക. അതെടുക്കാൻ ഞങ്ങൾ വരും.'

പ്രഥമാധ്യാപകൻ വി.വി.ശ്രീനിവാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എസ് ജി ചെയർമാൻ പി.പി.കുഞ്ഞിരാമൻ, മദേർസ് ഫോറം പ്രസിഡൻറ് നമിത പ്രദോഷ് എന്നിവർ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു.കെ.വി.ശങ്കരൻ സംസാരിച്ചു.ബാഡ്ജ് നിർമ്മാണം, പോസ്റ്റർ രചന, ചുമർ പത്രിക നിർമ്മാണം, പരിസരപ്പാട്ടുകൾ, വീഡിയോ പ്രദർശനം ,ബോധവത്ക്കരണ ക്ലാസ് തുടങ്ങിയവ നടന്നു.കെ.ശിഖ സ്വാഗതവും വി.വി. രേഷ്മ നന്ദിയും പറഞ്ഞു.









Previous Post Next Post