അഴീക്കോടൻ സ്മാരക മന്ദിരം പൊളിച്ചു പണിയുന്നു ; അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം


കണ്ണൂർ :- കണ്ണൂരിലെ സിപിഎം ആസ്ഥാനമായ അഴീക്കോടൻ സ്മാരക മന്ദിരം പൊളിച്ചു പണിയുന്നു. നാല് നിലകളിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടമാണ് അധികം വൈകാതെ പണിതുയരുക. കണ്ണൂരിലെ പാർട്ടിയുടെ അര നൂറ്റാണ്ടിന്‍റെ ചരിത്രമാണ് അഴീക്കോടൻ മന്ദിരത്തിന് പറയാനുള്ളത്. 

കണ്ണൂർ പാർട്ടിയുടെ ചരിത്രം കടന്ന വാതിൽപ്പടികളാണ് മൂന്ന് നില കെട്ടിടത്തിലുള്ളത്. ഒന്നര നൂറ്റാണ്ടോളം പഴക്കമുളള കെട്ടിടം സിപിഎമ്മിന്‍റേതാകുന്നത് 1973ലാണ്. ആ വർഷം ഡിസംബർ അഞ്ചിന് ഇഎംഎസിന്‍റെ അധ്യക്ഷതയിൽ എ കെ ജിയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. അന്ന് ജില്ലാ സെക്രട്ടറി എം വി രാഘവൻ ആയിരുന്നു. രക്തസാക്ഷികളുടെ പേരുകൾ നിറഞ്ഞ വരാന്ത, പാർട്ടി ക്ലാസുകളും പ്രസംഗങ്ങളും പതിഞ്ഞ എകെജി ഹാൾ. തൊട്ടടുത്തുളള ചടയൻ സ്മാരക മന്ദിരം. പൊളിച്ചുപുതുക്കുന്നതിൽ എല്ലാം ഉൾപ്പെടുന്നുണ്ട്.

അഴീക്കോടൻ രാഘവന്‍റെ കുടുംബത്തെ സഹായിക്കാനും സ്മാരകത്തിനുമായി പിരിച്ച പണത്തിൽ നിന്നാണ് കെട്ടിടം വാങ്ങിയത്. കാലപ്പഴക്കം കൊണ്ട് അടർന്നുവീഴുകയും ചോർന്നൊലിക്കുകയും ചെയ്തതോടെയാണ് പുതിയ മന്ദിരം നിർമ്മിക്കാൻ തീരുമാനിച്ചത്.

Previous Post Next Post