പിണറായി :-യുവതലമുറയുടെ ശേഷി വികസനം ഉറപ്പ് വരുത്തി സ്വന്തം നാട്ടിൽ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ ഡിസ്‌കിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം (വൈ ഐ പി) 4.0 ഗ്രാന്റ് ഫിനാലെ പിണറായി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ സ്റ്റാർട്ട് അപ്, ഐ ടി, വ്യവസായ മേഖലകളിൽ മികച്ച മുന്നേറ്റമാണ് ഉണ്ടായത്. സംരംഭക വർഷം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. ഇതിൽ ഉൾപ്പെട്ട ആയിരം സംരംഭങ്ങളെ 100 കോടി രൂപ വിറ്റ് വരവുള്ള സ്ഥാപനങ്ങളാക്കി വളർത്താനുള്ള സഹായം സർക്കാർ നൽകും. മിഷൻ 1000 ന്റെ ഭാഗമായാണിത്. ഇത് വഴി ഒരു ലക്ഷം കോടി രൂപയുടെ വിനിമയം വ്യവസായ രംഗത്ത് ഉണ്ടാവും. ഇങ്ങനെ വ്യവസായ രംഗത്ത് സുസ്ഥിരത ഉറപ്പ് വരുത്തി ഈ വർഷം ഒരു ലക്ഷം തൊഴിലവസരങ്ങൾ ഉറപ്പ് വരുത്തും-മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ വിജ്ഞാന സമൂഹമായും നൂതനത്വ ആശയങ്ങളുടെ കേന്ദ്രമായും വളർത്തുകയാണ് ലക്ഷ്യം. ഇങ്ങനെ സംസ്ഥാനത്തെ ഗവേഷണത്തിന്റെ ഹബ്ബാക്കി മാറ്റും. നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാറിന്റേത്. ഏഴ് വർഷത്തിനുള്ളിൽ ഐ ടി മേഖലയിലും സമാനതകളില്ലാത്ത മുന്നേറ്റമാണുണ്ടായത്. 2016ൽ 9,753 കോടി രൂപയായിരുന്നു ഐ ടി രംഗത്തെ വിറ്റുവരവെങ്കിൽ 2022ൽ അത് 17,636 കോടി രൂപയായി. ഐ ടി പാർക്കിൽ 2016-ൽ 78,068 ജീവനക്കാർ ഉണ്ടായിരുന്നിടത്ത് ഇന്ന് 135,288 പേർ ജോലി ചെയ്യുന്നു. 2022-23ൽ 1,274 കോടി രൂപയുടെ വളർച്ചയാണ് ഐടി ഉൽപന്ന കയറ്റുമതി രംഗത്ത് കേരളം നേടിയത്.
വലിയ മുന്നേറ്റമാണ് കഴിഞ്ഞ ഏഴ് വർഷത്തിനിടെ സ്റ്റാർട്ടപ് രംഗത്തുമുണ്ടായത്. നാലായിരത്തിലധികം സംരംഭങ്ങളും 5500 കോടി രൂപയുടെ നിക്ഷേപവും 43000 തൊഴിലവസരങ്ങളും സ്റ്റാർട്ട് അപ് മേഖലയിലുണ്ടായി. ബെൽജിയത്ത് നടന്ന ലോക ഇൻക്യുബേഷൻ ഉച്ചകോടിയിൽ മികച്ച പബ്ലിക് ഇൻക്യുബേഷനായി കേരള സ്റ്റാർട്ടപ് മിഷനെ തെരഞ്ഞെടുത്തു. നൂതനത്വ ആശയ പ്രോത്സാഹനത്തിനായി പുതുതായി നാല് സയൻസ് പാർക്കുകൾ തുടങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. കെ ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണൻ ആശയാവതരണം നടത്തി.
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവൻ, കണ്ണൂർ ഡി ഡി ഇ ശശീന്ദ്രവ്യാസ്, ആർ ഡി ഡി മണികണ്ഠൻ, പിണറായി എ കെ ജി മെമ്മോറിയൽ എച്ച് എസ് എസ് പ്രിൻസിപ്പൽ ആർ ഉഷാ നന്ദിനി എന്നിവർ പങ്കെടുത്തു.