സ്ത്രീപദവി പഠനം: ജില്ലാതല സർവ്വേ ഉദ്ഘാടനം 21ന്

 


കണ്ണൂർ:-ജില്ലയിലെ സ്ത്രീകളുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി മനസിലാക്കാൻ തദ്ദേശ സ്ഥാപനങ്ങളിൽ നടത്തുന്ന സ്ത്രീപദവി പഠനത്തിന്റെ സർവ്വേ ആഗസ്റ്റ് 21ന് ആരംഭിക്കാൻ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ തീരുമാനം. 21ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഹാളിൽ മുൻ മന്ത്രി പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്യും. 

സെപറ്റംബർ 15ന് സർവ്വേ പൂർത്തിയാക്കി ഒക്ടോബറിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. ജിലയിൽ കൂടുതൽ ജലം ഉപയോഗിക്കുന്നത് കണ്ണൂർ, തലശ്ശേരി, പാനൂർ ബ്ലോക്ക് പഞ്ചായത്തുകളിലാണെന്ന് ഭൂജല വകുപ്പിന്റെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും അതിനാൽ ഈ തദ്ദേശ സ്ഥാപനങ്ങൾ ജല സംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ വ്യക്തമാക്കി.

ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികൾ ഉൾപ്പെടുത്തി 43 തദ്ദേശ സ്ഥാപനങ്ങൾ സമർപ്പിച്ച 2023-24 വാർഷിക പദ്ധതി ഭേദഗതി യോഗം അംഗീകരിച്ചു. കേരള ഖരമാലിന്യ പരിപാലന പദ്ധതി കോർപ്പറേഷനിലും നഗരസഭകളിലും നടപ്പാക്കാൻ അംഗീകാരം നൽകി.

ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ ആസൂത്രണ സമിതി അധ്യക്ഷയുമായ പി പി ദിവ്യ അധ്യക്ഷത വഹിച്ചു. കാസർകോട് ജില്ലാ പ്ലാനിംഗ് ഓഫീസറായി സ്ഥലംമാറി പോകുന്ന കണ്ണൂർ ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ ടി രാജേഷിന് പി പി ദ്യവ്യ ഉപഹാരം നൽകി. മേയർ അഡ്വ. ടി ഒ മോഹനൻ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, അസി. കലക്ടർ അനൂപ് ഗാർഗ്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ. ബിനോയ് കുര്യൻ, അഡ്വ. കെ കെ രത്നകുമാരി, അഡ്വ. ടി സരള, വി ഗീത, കെ താഹിറ, സർക്കാർ നോമിനി കെ വി ഗോവിന്ദൻ, ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ ടി രാജേഷ്, വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷർ, സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post