മലപ്പുറം:-മുസ്‍ലിം ലീഗ് ഡല്‍ഹിയില്‍ ആരംഭിക്കുന്ന ഖാഇദെ മില്ലത്ത് ദേശീയ ആസ്ഥാന മന്ദിരത്തിനുവേണ്ടി ആരംഭിച്ച ഓൺലൈൻ ധനസമാഹരണം അവസാനിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തുടക്കമിട്ട കാംപിയിനാണ് ഇന്നലെ അര്‍ധരാത്രി 12ഓടെ പൂര്‍ത്തിയായത്. നേരത്തെ ലക്ഷ്യമിട്ട 25 കോടിയും കടന്ന് 26,77,58,592 കോടി രൂപയാണ് ഓൺലൈൻ വഴി സമാഹരിച്ചത്. കാംപയിനിന്‍റെ സമാപനം ഇന്നലെ രാത്രി മലപ്പുറം ലീഗ് ഹൗസിൽ നടന്നു.
കഴിഞ്ഞ 75 വര്‍ഷമായി ചെന്നൈ മണ്ണടിയിലാണ് മുസ്‍ലിം ലീഗിന്‍റെ ദേശീയ ആസ്ഥാനം പ്രവര്‍ത്തിക്കുന്നത്. മാസങ്ങള്‍ക്കുമുന്‍പ് ചെന്നൈയില്‍ നടന്ന പാര്‍ട്ടിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയിലാണ് ഡൽഹിയിൽ പുതിയ ആസ്ഥാനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതുവഴി ഉത്തര്യേന്ത്യയിൽ പാർട്ടി പ്രവർത്തനം സജീവമാക്കനാണ് ലീഗ് തീരുമാനം.
ആസ്ഥാനം ആരംഭിക്കുന്നതിലേക്ക് കേരളത്തിന്‍റെ സംഭാവനയായാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ധനസഹായത്തിന് ആഹ്വാനം നല്‍കിയത്. ആഹ്വാനം അപ്പടി പ്രവര്‍ത്തകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. വെറും ഒരു മാസം കൊണ്ട് 26.77 കോടി രൂപയാണ് പിരിച്ചെടുത്തത്. ലീഗ് പ്രവര്‍ത്തകരുടെ മാത്രമല്ല ഇതര രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെയും സാമൂഹിക, സാംസ്കാരിക രംഗത്തുള്ളവരുടെയും സംഭാവന ലഭിച്ചെന്ന് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പാര്‍ട്ടിയുടെ ഐകൃത്തിന്‍റെ വിജയമാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.