അളവ് കുറഞ്ഞാൽ 50,000 രൂപ പിഴ ; ഓണക്കാലത്ത് അളവുതൂക്ക തട്ടിപ്പ് പിടികൂടാൻ മിന്നൽ പരിശോധന ആരംഭിച്ചു


കണ്ണൂർ :- ഓണക്കാലത്ത് അളവുതൂക്ക തട്ടിപ്പ് നടത്തുന്നവരെ പിടിക്കാൻ ലീ​ഗൽ മെട്രോളജി വകുപ്പിന്റെ മിന്നൽ പരിശോധന തുടങ്ങി. വ്യാപാര കേന്ദ്രങ്ങളിൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയാനാണ് വ്യാപക പരിശോധന. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ അറിയിക്കാം. പരാതി ലഭിച്ചാൽ അന്വേഷണം നടത്തി പിഴ ചുമത്തും. 

അളവുതൂക്ക ഉപകരണങ്ങൾ മുദ്ര പതിപ്പിക്കാതെ ഉപയോ​ഗിക്കുക, പാക്കേജ് കമ്മോഡിറ്റീസ് നിയമം അനുശാസിക്കുന്ന പ്രഖ്യാപനങ്ങൾ ഇല്ലാത്ത പാക്കറ്റുകൾ വിൽപ്പന നടത്തുക, അളവിലും തൂക്കത്തിലും കുറവ് വരുത്തി വിൽപ്പന നടത്തുക, എം ആർ പി തിരുത്തി അമിത വില ഈടാക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കൺട്രോൾ റൂമിൽ അറിയിക്കാം. നിർമാതാവ്, പായ്ക്കർ, പേര്, ഉത്പന്നത്തിന്റെ പേര്, അളവ്, തൂക്കം, എണ്ണം, പാക്കറ്റ് ഇറക്കുമതി ചെയ്ത തിയതി, എം ആർ പി അഥവാ എല്ലാ നികുതികളും ഉൾപ്പെട്ട ചില്ലറ വിൽപ്പന വില, ഭക്ഷണ പദാർഥമാണെങ്കിൽ ഉപയോ​ഗിക്കാൻ സാധിക്കുന്ന കാലാവധി, തിയതി, ഉപഭോക്താവിന് പരാതിപ്പെടാനുള്ള മേൽവിലാസം എന്നിവ ഇല്ലാത്തത് കുറ്റകരമാണ്. 

ഡിക്ലറേഷൻ ഇല്ലാത്ത പാക്കേജിന് നിർമാതാവിന് 25,000രൂപയും ‍ഡീലർക്ക് 5000രൂപയും പിഴ ചുമത്തും. അളവ് കുറഞ്ഞാൽ നിർമാതാവിന് 50,000രൂപയും ഡീലർക്ക് 10,000രൂപയും പിഴ ചുമത്തും. ലീ​ഗൽ മെട്രോളജി വിഭാ​ഗം അളവുതൂക്ക ഉപകരണങ്ങളിൽ അടിക്കുന്ന സീലിൽ കൃത്രിമം കാണിച്ചാൽ ജയിൽ ശിക്ഷയാകും ലഭിക്കുക. ഉപഭോക്താക്കൾ ജാ​ഗ്രത കാണിച്ചാൽ മിക്ക തട്ടിപ്പുകളും തടയാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു

Previous Post Next Post