കതിരൂര്‍ പഞ്ചായത്ത് ഡിജിറ്റല്‍ മാപ്പിംഗ് ഡ്രോണ്‍ സര്‍വ്വേ ആരംഭിച്ചു

 


തലശ്ശേരി:-സമഗ്ര വികസനം ലക്ഷ്യമിട്ട് കതിരൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഇന്റലിജന്റ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് സിസ്റ്റം എന്ന പ്രൊജക്ടിന്റെ ഭാഗമായി ഡ്രോണ്‍ സര്‍വ്വേ ആരംഭിച്ചു. സര്‍വ്വേ പഞ്ചായത്ത് പ്രസിഡണ്ട് പി പി സനില്‍ ഡ്രോണ്‍ പറത്തി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് ആസൂത്രണം, പദ്ധതി വിഭാവന നിര്‍വ്വഹണം എന്നിവക്കായി വെബ് പോര്‍ട്ടല്‍ തയ്യാറാക്കുന്നതാണ് പദ്ധതി. ഡ്രോണ്‍, ഡി ജി പി എസ്, ജി പി എസ്, പ്രത്യേകം വികസിപ്പിച്ചെടുത്ത അപ്ലിക്കേഷനിലൂടെയുള്ള കെട്ടിട സര്‍വ്വെ എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്. ജനക്ഷേമ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുകയാണ് പ്രധാന ലക്ഷ്യം. ജീവനക്കാര്‍ക്ക് ഫീല്‍ഡ് വര്‍ക്ക് ഇല്ലാതെ തന്നെ കൃത്യതയോടെ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ഇതിലൂടെ സാധിക്കും.

മുഴുവന്‍ കെട്ടിടങ്ങളുടെയും ഫോട്ടോ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി മാപ്പ് ഒരുക്കുന്നതോടൊപ്പം റോഡ്, ലാന്‍ഡ്മാര്‍ക്, തണ്ണീര്‍ത്തടങ്ങള്‍, സൂക്ഷ്മതല ഭൂവിനിയോഗ മാപ്പുകള്‍ എന്നിവ വെബ്‌പോര്‍ട്ടലില്‍ ആവശ്യാനുസരണം സെര്‍ച്ച് ചെയ്ത് പരിശോധിക്കാനും കഴിയും. റോഡ്, പാലം, കല്‍വെര്‍ട്ട്, ഡ്രൈനേജ്, കനാല്‍, റോഡ് ജംഗ്ഷന്‍, റോഡ് സിഗ്‌നല്‍, ഡിവൈഡര്‍, പാര്‍ക്കിങ് ഏരിയ എന്നിവയുടെ ഫോട്ടോയോട് കൂടിയ വിവരങ്ങളും തരിശുനിലങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, വയലുകള്‍ എന്നിവയുടെ വിവരങ്ങളും മാപ്പിലൂടെ ലഭിക്കും.കൃഷി, വ്യവസായം, ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലെ പദ്ധതികള്‍ കാര്യക്ഷമമായി നടത്താന്‍ സര്‍വ്വേ ഫലം കൂടുതല്‍ ഗുണം ചെയ്യും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍വ്വഹണ ചുമതല. റേഷന്‍ കാര്‍ഡ്, കെട്ടിടനമ്പര്‍ എന്നിവയും സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് ആവശ്യമായ വിവരങ്ങളും മാത്രമാണ് ഇതിനായി ജനങ്ങള്‍ നല്‍കേണ്ടതെന്നും മറ്റ് രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ലെന്നും പഞ്ചായത്ത് പ്രസിഡണ്ട് പി പി സനില്‍ പറഞ്ഞു.  വിവരശേഖരണം പൂര്‍ത്തിയായ ഉടന്‍ കെട്ടിടങ്ങളുടെ സര്‍വ്വേ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ പ്രൊജക്റ്റ് മാനേജര്‍ കെ വി അശ്വതി പദ്ധതി വിശദികരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ടി കെ ഷാജി, എന്‍ സുധീഷ്, സെക്രട്ടറി സന്തോഷ് കുമാര്‍ തുടങ്ങിയ പങ്കെടുത്തു.

Previous Post Next Post