ചെറുപുഴ :- ഇടവേളക്ക് ശേഷം ബ്ലാക്ക്മാൻ ചുവരെഴുത്തുമായി എത്തി. പ്രാപ്പൊയിൽ ഈസ്റ്റിൽ കൂലോത്തും പൊയിൽ ജലനിധിക്ക് സമീപത്തെ കളപ്പുരയ്ക്കൽ ജോസഫിന്റെ വീടിന്റെ ഭിത്തിയിലാണ് ചുവരെഴുത്ത് ഉള്ളത്. ബ്ലാക്ക്മാനെന്ന് മൂന്ന് പ്രാവശ്യം എഴുതി മനുഷ്യന്റെ കാരിക്കേച്ചറും വരച്ച് ചേർത്തിട്ടുണ്ട്. പുലർച്ചെ മുറ്റത്ത് കൂടി നടക്കുന്ന ശബ്ദം ഗൃഹനാഥൻ കേട്ടിരുന്നു.
ജൂലായ് ആദ്യം ആലക്കോട് രയരോത്താണ് ആദ്യം അജ്ഞാതൻ പ്രത്യക്ഷപ്പെട്ടത്. ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ എയ്യൻകല്ലിലും പ്രാപ്പൊയിൽ ഈസ്റ്റിലും ജൂലായ് 22-നാണ് കതകിൽ തട്ടിവിളിച്ച് ബഹളമുണ്ടാക്കി. പിന്നീടങ്ങോട്ട് കതകിൽ തട്ടിയും ബ്ലാക്ക്മാൻ എന്ന് ചുവരുകളിൽ എഴുതിയും ചിത്രം വരച്ചും കൂവി വിളിച്ചും ജനങ്ങളിൽ ഭീതിപരത്തിയ അജ്ഞാതനെ നാട്ടുകാരും പോലീസും പരിശ്രമിച്ചിട്ടും പിടികൂടാൻ കഴിഞ്ഞില്ല. ഇതിനുമുൻപ് ആഗസ്ത് അഞ്ചിനാണ് ചുവരെഴുത്ത് നടത്തിയത്. പിന്നീട് 16-ാമത്തെ ദിവസമാണ് ഇയാൾ വീണ്ടും പ്രത്യക്ഷപ്പെട്ടത്.