കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ശോചനീയാവസ്ഥയിൽ
കണ്ണൂർ :- കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ശോചനീയാവസ്ഥയിൽ. ഇവിടെ ഇരിക്കാൻ സൗകര്യമില്ല. കൂടാതെ, സീലിംഗ് ഉൾപ്പെടെ അടർന്ന് വീണ് ദ്രവിച്ച കമ്പികൾ പുറമേക്ക് കാണുന്ന സ്ഥിതിയിലാണുള്ളത്. കമ്പിൽ, കുടുക്കിമൊട്ട, വാരം, അഴീക്കൽ ഫെറി, ചാലാട്, അലവിൽ, മുണ്ടേരി തുടങ്ങി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാർ ഇവിടെയാണ് ബസ് കാത്ത് നിൽക്കാറുള്ളത്. മഴപെയ്താൽ ആളുകൾ തിങ്ങിനിറഞ്ഞ് നിൽക്കുന്ന കാഴ്ച്ചയും ഇവിടെ സാധാരണയാണ്. എന്നാൽ ഈ കാത്തിരിപ്പു കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണി നടന്നിട്ട് വർഷങ്ങളായെന്നാണ് നാട്ടുകാർ പറയുന്നത്. മതിയായ സൗകര്യങ്ങൾ ഒരുക്കുകയോ വൃത്തിയാക്കുകയോ ചെയ്യാറില്ലെന്നും യാത്രക്കാർ പരാതിപ്പെടുന്നു. ശോചനീയാവസ്ഥയിലായ കാത്തിരിപ്പ് കേന്ദ്രം അറ്റക്കുറ്റപണി നടത്തി യാത്രക്കാർക്ക് ഇരിപ്പിടവും കൂടുതൽ സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.