ആദിത്യ എൽ 1 വിക്ഷേപണം ; ISRO ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി


ദില്ലി : ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപണത്തിൽ ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനായി പ്രപഞ്ചത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള അക്ഷീണ പരിശ്രമം തുടരുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. സൗര രഹസ്യം തേടിയുള്ള ആദിത്യ എൽ 1 ന്റെ വിക്ഷേപണം വിജയകരമായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

പേടകത്തെ നിര്‍ദിഷ്ട ഭ്രമണപഥത്തില്‍ സ്ഥാപിക്കാനായെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ് അറിയിച്ചു. ഇനി 4 മാസം നീളുന്ന യാത്രയാണ് ആദിത്യ എൽ 1 ന്റെ മുന്നിലുള്ളത്. ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ സൗരദൗത്യം കുതിച്ചുയർന്നത്. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50 യോടെയാണ് വിക്ഷേപണം നടന്നത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എൽ വണ്ണിന് ചുറ്റമുള്ള ഹാലോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. ആദിത്യയുടെ ആദ്യ 3 ഘട്ടങ്ങള്‍ വിജയകരമായി പിന്നിട്ടു. പേലോഡുകള്‍ വിജയകരമായി വേര്‍പെട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചു.


ചന്ദ്രനെ തൊട്ട് പത്ത് നാൾ തികയും മുമ്പ് മറ്റൊരു സുപ്രധാന ദൗത്യം നടത്തിയിരിക്കുകയാണ് ഐഎസ്ആർഒ. സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1, ഇസ്രൊയുടെ മറ്റ് ദൗത്യങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. ഇസ്രൊയ്ക്കപ്പുറമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ പങ്കാളിത്തം മുതൽ പോകുന്നയിടം വരെ ഈ ദൗത്യത്തെ വേറിട്ട് നിർത്തുന്നു. സൂര്യനെ പഠിക്കാനുള്ള ആദ്യ ഇന്ത്യൻ ദൗത്യം. സൂര്യന്റെ കൊറോണയെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്ഫോടനങ്ങളെ പറ്റിയും കൂടുതൽ വിവരങ്ങൾ ആദിത്യയിലൂടെ മനസിലാക്കാൻ പറ്റുമെന്നാണ് പ്രതീക്ഷ. ആദിത്യയുടെ യാത്ര സൂര്യനെ അടുത്തറിയാനാണെങ്കിലും സൂര്യനിലേക്ക് നേരിട്ട് ചെല്ലില്ല. നമ്മുടെ സൗരയൂഥത്തിന്റെ ഊർ‌ജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാൻ പറ്റുന്നൊരിടമാണ് ആദിത്യയുടെ ലക്ഷ്യം. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിമീ അകലെയുള്ള ഹാലോ ഓര്‍ബിറ്റാണ് ആദിത്യ ലക്ഷ്യമിടുന്നത്.

Previous Post Next Post