കൊളച്ചേരി കലാഗ്രാമം ഉദ്ഘാടനം ചെയ്തു

 


കൊളച്ചേരി: - കൊളച്ചേരി ഇ പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂളിൻ്റെ ആഭിമുഖ്യത്തിലുള്ള കൊളച്ചേരി കലാഗ്രാമം പദ്ധതി സോപാന രത്നം കലാചാര്യ പയ്യന്നൂർ കൃഷ്ണമണി മാരാർ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് സൗത്ത് ഉപജില്ല എ.ഇ.ഒ ജാൻസി ജോൺ മുഖ്യാതിഥിയായി. 

കൊളച്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ, കെ.വി.പവിത്രൻ, പി.പി.കുഞ്ഞിരാമൻ, ടി.വി.സുമിത്രൻ, ഗാനഭൂഷണം രമാദേവി ടീച്ചർ, അശോകൻ പെരുമാച്ചേരി,അനുശ്രീ.കെ, വൈഷ്ണവ്.കെ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.കെ.വി.ശങ്കരൻ അധ്യക്ഷനായി. പ്രഥമാധ്യാപകൻ വി.വി.ശ്രീനിവാസൻ പദ്ധതി വിശദീകരിച്ചു. നമിതാ പ്രദോഷ് സ്വാഗതവും കെ.ശിഖ ടീച്ചർ നന്ദിയും പറഞ്ഞു.
 വാദ്യകലാകാരൻമാരായ സ്മിജേഷ്, അനീഷ്, കനകേഷ് എന്നിവരുടെ വാദ്യമേളത്തോടെയാണ് പരിപാടി ആരംഭിച്ചത്.

കൊളച്ചേരിയിലെ കുട്ടികൾക്ക് വ്യത്യസ്ത കലാ പരിശീലന ക്ലാസ്സുകൾ നൽകുക,പരിശീലനക്കളരികൾ സംഘടിപ്പിക്കുക, നാട്ടിലെയും പുറത്തുമുള്ള ചിത്രകലാ,ശില്പകലാ, കരകൗശല പ്രതിഭകളുടെ സൃഷ്ടികളുടെ പ്രദർശനം സംഘടിപ്പിക്കുക,വ്യത്യസ്ത രംഗകലകളുടെയും നാടൻ കലകളുടെയും പ്രദർശനവും ഡെമോൺസ്ട്രേഷനും സംഘടിപ്പിക്കുക,പ്രശസ്ത കലാപ്രതിഭകളെ നേരിൽ കാണാനും അഭിമുഖം നടത്താനുമുള്ള അവസരമൊരുക്കുക,നാട്ടിലെ കലാപ്രവർത്തകരുടെ കൂട്ടായ്മ ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കൊളച്ചേരി കലാഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്.

നൃത്തം, സംഗീതം, ചിത്രരചന, ചെണ്ട, ഉപകരണസംഗീതം, കരാട്ടെ, കരകൗശലം എന്നീ ഇനങ്ങളിലുള്ള ക്ലാസുകൾ ഇതിൻ്റെ ഭാഗമായി ആരംഭിക്കും. ഉദ്ഘാടനത്തെ തുടർന്ന് കൊളച്ചേരിയിലെ പാട്ടുകാർ അവതരിപ്പിച്ച പാട്ടരങ്ങ്, കൊളച്ചേരിയിൽ വെച്ച് ചിത്രീകരിച്ച 'കാറ്റാടിക്കുമുണ്ട് തണൽ'സിനിമാ പ്രദർശനം എന്നിവ നടന്നു.

ക്ലാസുകളിൽ ചേരാൻ താല്പര്യമുള്ളവർ 9747270916 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Previous Post Next Post