കണ്ണൂർ :- കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കണമെന്നും, ദേശീയപാതയില്‍ വെള്ളൂരില്‍ അടിപ്പാത നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം എല്‍.ഡി.എഫ് ജില്ലാ പ്രതിനിധി സംഘം ട്രാന്‍സ്പോര്‍ട്ട്, ടൂറിസം, കള്‍ച്ചര്‍, എന്നിവ സംബന്ധിച്ച പാര്‍ലിമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിക്ക് സമര്‍പ്പിച്ചു. വിജയ് സായ് റെഡ്ഡി അധ്യക്ഷനായ പാര്‍ലിമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി കണ്ണൂര്‍ എയര്‍പോര്‍ട്ട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് നിവേദനം നല്‍കിയത്. നിവേദക സംഘത്തില്‍ എല്‍.ഡി.എഫ് നേതാക്കളായ എം.വി ജയരാജന്, എന്‍ ചന്ദ്രന്, പി പുരുഷോത്തമന്, സി പി സന്തോഷ് കുമാര്‍, മാത്യു കുന്നപ്പള്ളി, എം പി മാരായ വി ശിവദാസന്‍, പി സന്തോഷ് കുമാര്‍, എം.എല്‍.എ മാരായ കെ.കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന് കടന്നപ്പള്ളി, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, മട്ടന്നൂര്‍ മുന്‍സിപ്പല്‍ ചെയര്മാന് എന്‍ ഷാജിത്ത് മാസ്റ്റര്‍, കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി മിനി, എം രതീഷ് എന്നിവരും ഉണ്ടായിരുന്നു.
ഡല്‍ഹിയില്‍ വെച്ച് ജൂലൈ 26 ന് പാര്‍ലിമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് നിവേദനം നല്കിയപ്പോള് തങ്ങള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് സന്ദര്‍ശിക്കുമെന്ന് എല്‍.ഡി.എഫ് സംഘത്തോട് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പറഞ്ഞിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഭാവി വികസനത്തിന് പോയിന്റ് ഓഫ് കോള്‍ പദവി അനിവാര്യമാണെന്ന് എല്‍.ഡി.എഫ് സമര്‍പ്പിച്ച നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. 4 മാസം മുന്‍പ് ഗോവയിലെ മോപ്പയില്‍ അനുവദിച്ച പുതിയ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി കേന്ദ്രം അനുവദിക്കുകയുണ്ടായി. എല്ലാ പശ്ചാത്തല സൗകര്യവുമുള്ള കണ്ണൂരിന് അനുമതി നിഷേധിക്കുന്നത് നീതീകരിക്കാവുന്നതല്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുകയും, പോയിന്റ് ഓഫ് കോള്‍ പദവി അനുവദിക്കാനാവശ്യമായത് ചെയ്യണമെന്നും കമ്മിറ്റി ചെയർമാനോട് എല്‍ഡി.എഫ് സംഘം അഭ്യര്‍ത്ഥിച്ചു. ദേശീയപാതയുടെ കാര്യങ്ങള്‍ കൂടി കൈകാര്യം ചെയ്യുന്ന പാര്‍ലിമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ആയതിനാല്‍ വെള്ളൂരില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യവും നിവേദനത്തില്‍ ഉന്നയിക്കുകയുണ്ടായി. മാസങ്ങളായി അടിപ്പാത ആവശ്യപ്പെട്ടുകൊണ്ട് വെള്ളൂരില്‍ ജനകീയ സമരം നടന്നുവരികയാണ്. 5 പ്രദേശങ്ങളില്‍ അടിപ്പാത അനുവദിക്കണമെന്ന നിവേദനം നേരത്തെ ഉപരിതല ഗതാഗത മന്ത്രിക്ക് സമര്‍പ്പിച്ചപ്പോള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. അതില്‍ 4 എണ്ണം അനുവദിച്ചു. എന്നാല്‍ വെള്ളൂരില്‍ അനുവദിച്ചില്ല. പൊതുവായ ജനകീയ ആവശ്യമായതിനാല്‍ മുഖ്യമന്ത്രിയും, പൊതുമരാമത്ത് വകുപ്പ് മന്ത്രിയും അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ദേശീയപാതയുടെ ഇരുഭാഗങ്ങളിലായി സ്കൂളുകളും, ആശുപത്രികളും, സര്‍ക്കാര്‍ ഓഫീസുകളും, ബേങ്കുകളും ഉള്ളതിനാല്‍ ജനങ്ങള്‍ക്ക് ദൈനംദിനമായി ബന്ധപ്പെടാന്‍ ഗതാഗത സൗകര്യം അത്യാവശ്യമാണ്. ഇക്കാര്യത്തിലും പാര്‍ലിമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കേന്ദ്രസര്‍ക്കാറില്‍ ഇടപെടണമെന്ന് എല്‍.ഡി.എഫ് സംഘം ആവശ്യപ്പെട്ടു.
പാര്‍ലിമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വിജയ സായ് റെഡ്ഡിക്ക് പുറമെ അംഗങ്ങളായ പ്രതാപ് റൂഡി, ചെഡ്ഡി പസ്വാന്, എ.എ റഹിം, കെ മുരളീധരന് എന്നീ എം.പിമാരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.