"മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന മഹൽ സിദ്ധാന്തം മാനവസമുദായത്തിന് പ്രദാനം ചെയ്ത ജഗദ് ഗുരു ശ്രീനാരായണ ഗുരുതൃപ്പാദങ്ങളുടെ തൊണ്ണൂറ്റിആറാം മഹാസമാധി ദിനം ഇന്ന്.
ആധുനിക ഭാരതം കണ്ട ഏറ്റവും വലിയ തത്വചിന്തകനും മഹാനായ സന്യാസിവര്യനും കേരള നവോത്ഥാന ചരിത്രത്തിലെ അതുല്യനായ സാമൂഹ്യ പരിഷ്കർത്താവും ആണ് ശ്രീനാരായണഗുരു (1855-1928). ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നതും അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായി വരേണം എന്നുള്ളതും ആയിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു.ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീനാരായണ ഗുരു.
താഴ്ന്ന ജാതിയിൽപ്പെട്ടവർക്കുൾപ്പെടെ ദൈവാരാധാന നടത്തുവാനായി, ശ്രീനാരായണഗുരു കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലുമായി ഏതാണ്ട് നാൽപ്പത്തഞ്ചോളം ക്ഷേത്രങ്ങൾ സ്ഥാപിച്ചു.രണ്ടുതവണ ശ്രീലങ്ക സന്ദർശിക്കുകയും അവിടെ ക്ഷേത്ര പ്രതിഷ്ഠ നടത്തുകയും ചെയ്തു. തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കുന്നതിനായ് ഡോ. പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം 1903ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം. 1916-ൽ ജാതിയില്ലാ വിളംബരത്തിലൂടെ താൻ ഒരു ജാതിയുടെയും മതത്തിന്റെയും വക്താവായ ആളല്ലെന്നും താൻ ജാതിയും മതവും ഉപേക്ഷിച്ചിട്ട് സംവത്സരങ്ങൾ കഴിഞ്ഞുവെന്നും ഗുരു വ്യക്തമാക്കി.