കണ്ണൂർ: - ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഇന്ന് രാവിലെ മുതൽ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ജന്മാഷ്ടമിയോടനുബന്ധിച്ച് ആഘോഷങ്ങൾ ആരംഭിക്കും. സംസ്ഥാനത്തെ കൃഷ്ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും ഉൾപ്പെടെ നടക്കും. മഹാവിഷ്ണുവിന്റെ ഒമ്പതാം അവതാരമാണ് ശ്രീകൃഷ്ണൻ. കണ്ണന്റെ ജന്മദിനമായ അഷ്ടമിരോഹിണി നാളിൽ സംസ്ഥാനത്തുടനീളം വിവിധ ആഘോഷങ്ങളാണ് അരങ്ങേറുന്നത്.
ഇന്ന് സംസ്ഥാന വ്യാപകമായി നടക്കുന്ന ശോഭയാത്രകളിൽ രണ്ടരലക്ഷത്തിൽ അധികം കുട്ടികൾ ഉണ്ണിക്കണ്ണനായി എത്തുമെന്ന് ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ പ്രസന്നകുമാർ അറിയിച്ചു. ‘അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും’ എന്ന മുദ്രാവാക്യം മുൻ നിർത്തിയാണ് ഇത്തവണ ജന്മാഷ്ടമി ആഘോഷങ്ങളുടെ തുടക്കം.
രാധിക ബാലഗോകുലം, പെരുമാച്ചേരി, കാവുംചാൽ എന്നിവയുടെ ആഭിമുഖ്യത്തിൽ പെരുമാച്ചേരി മന്ദമ്പേത്ത് ശ്രീ മുത്തപ്പൻ ക്ഷേത്ര പരിസരത്ത് നിന്നും കാവുംചാൽ ശ്രീ മുത്തപ്പൻ ക്ഷേത്ര പരിസരത്തേക്ക് ശോഭായാത്ര വൈകുന്നേരം 4 മണിക്ക് നടക്കും.
വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ കൃഷ്ണ ജയന്തി ആഘോഷം ഇന്ന് വൈകുന്നേരം 4 മണിക്ക് കൊളച്ചേരി മുക്ക് മിനി സ്റ്റേഡിയം ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കും. ചലച്ചിത്ര താരം നീലീന ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും.
ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ശോഭായാത്രകളിൽ കുട്ടികൾ വിവിധ വേഷധാരികളായാണ് അണിനിരക്കുക. അവതാര കഥകളുടെ ദൃശ്യാവിഷ്കരണവുമായി നിശ്ചലദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, കലാരൂപങ്ങൾ, ഭജന സംഘങ്ങൾ എന്നിങ്ങനെ വിവിധ സംഘങ്ങളാകും നഗര വീഥീകളിൽ അണി നിരക്കുക. കുട്ടികൾ ശോഭയാത്രയിലൂടെയാകും അവസാനം ക്ഷേത്ര സന്നിധിയിൽ എത്തുക.
അമ്പാടിക്കണ്ണൻ, രാധ, ഭാരതാംബ, പാർവതി, ലക്ഷ്മി ദേവീ, സരസ്വതി ദേവി, സീത, മുരുകൻ, ഹനുമാൻ, ശിവൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നിങ്ങനെ വിവിധ വേഷങ്ങളിലാകും കുട്ടികളെത്തുക. ക്ഷേത്രത്തിലുൾപ്പെടെ ശോഭയാത്രകളുടെ അവസാനം ഉറിയടി തുടങ്ങി വിവിധ പരിപാടികളും നടക്കും. ഒരാഴ്ചയോളമായി നീണ്ടുനിന്ന ബാലഗോകുലത്തിന്റെ ജന്മാഷ്ടമി ആഘോഷങ്ങൾക്ക് ഇന്ന് ശോഭയാത്രയോടെ സമാപനം.