കൊളച്ചേരി :- കൊളച്ചേരി പറമ്പിലെ കൊമ്പൻ സജീവൻ്റെ മരണത്തിൽ പോലീസ് അന്വേഷണത്തിൽ അപാകത ഏറെ ഉണ്ടെന്നും പ്രതിയായ എസ് ഐ ദിനേശനെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പോലീസിൻ്റെ ഭാഗത്ത് നിന്ന് നടക്കുന്നതെന്ന് ആരോപിച്ച് സജീവൻ്റെ ഭാര്യ ഗീത കണ്ണൂർ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി.
കഴിഞ്ഞ ദിവസം തെളിവെടുപ്പിന് വന്ന പോലീസ് ഉദ്യോഗസ്ഥർ പരേതൻ്റെ ഭാര്യയെയും മകളെയും ഭീഷണിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചതായും അവർ പരാതിയിൽ ആരോപിക്കുന്നു.
കൊമ്പൻ സജീവൻ 2023 ആഗസ്ത് മാസം 23-ാം തീയതിയാണ് മയ്യിൽ പോലീസ് സ്റ്റേഷനിലെ ASI ആയ ദിനേശൻ എന്നയാളുടെ വീട്ടിൽ വച്ച് മരണപ്പെട്ടത്. വിറക് കൊള്ളികൊണ്ട് അടിച്ച് കൊലപ്പെടുത്തിയതാണ് എന്നാണ് ദിനേശൻ നൽകിയ മൊഴി. ഈ കൊലപാതകത്തിന് ആയാൾക്ക് വീട്ടിൽ നിന്നോ പുറത്തു നിന്നോ സഹായം ലഭിച്ചിട്ടുണ്ടാവാമെന്നും അയാളുടെ ഭാര്യയും സംഭവം നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നു എന്നും അസുഖബാധിതനായ ദിനേശൻ ഒറ്റക്കാണ് ഈ കൊലപാതകം നടത്തിയത് എന്ന് വിശ്വസിക്കാൻ സാധിക്കുന്നതല്ല എന്നും പരാതിയിൽ പറയുന്നു.
കൊല നടന്ന ദിവസം മുതൽ പോലീസിൻ്റെ ഇടപെടൽ മുഴുവനും പ്രതിയേയോ പ്രതികളെയോ രക്ഷപ്പെടുത്താനുള്ള വ്യഗ്രതയോടെ ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും പോലീസ് എത്തുന്നതിനും മണിക്കൂറുകൾക്ക് മുന്നേ തന്നെ മരണം നടന്നു എന്നത് ആർക്കും മനസിലാവുന്ന തരത്തിലായിരുന്നു സജീവൻ്റെ മൃതദേഹം കിടന്നിരുന്നത് എന്നും എന്നിട്ടുപോലും സൈറ്റിൽ വച്ച് ഇൻക്വസ്റ്റ് നടത്താനോ, ഫോട്ടോ എടുക്കാനോ മെനക്കെടാതെ മൃതദേഹം അവിടെ നിന്നും നീക്കുകയാണ് ഉണ്ടായതെന്നും അവർ ആരോപിക്കുന്നു.
പരാതിക്കാരും നാട്ടുകാരും വിശ്വസിക്കുന്നത് പോലീസുകാരൻ നടത്തിയ അതിക്രൂരമായ കൊലപാതകമാണ് ഇതെന്നും മ്യതദേഹത്തിൽ വെള്ളമൊഴിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നിട്ടുണ്ടെന്നുമാണെന്ന് അവരുടെ പരാതിയിൽ ആരോപിക്കുന്നു.
പറക്കമുറ്റാത്ത രണ്ട് പെൺമക്കളും നിത്യരോഗിയും അവശയുമായ അമ്മയും അരക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട സഹോദരനും അവിവാഹിതയായ ഒരു സഹോദരിയും അടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു മരണപ്പെട്ട സജീവനെന്നും ജില്ലാ പോലീസ് സൂപ്രണ്ട് വിഷയത്തിൽ ഇടപെട്ട് കുടുംബത്തിന് നീതി വാങ്ങിത്തരണമെന്നുമാണ് കുടുംബത്തിൻ്റെ അപേക്ഷ.