കണ്ണൂർ :- കണ്ണൂർ വനിതാ കോളേജിൽ വർഷങ്ങൾക്കുശേഷം എസ്എഫ്ഐയുടെ കോട്ട തകർത്ത് കെഎസ്‌യു ചെയർമാൻ സ്ഥാനാർഥി വിജയിച്ചതിൽ പുറത്തുനിന്ന് എത്തിയ എസ്എഫ്ഐ നേതാക്കൾ കെഎസ്‌യു-എംഎസ്എഫ് വിദ്യാർത്ഥികളുടെ വിജയാഹ്ലാദ പ്രകടനത്തിനിടയിൽ കയറി വിദ്യാർത്ഥിനികളെ ആക്രമിച്ചു. സുഹാന എന്ന പ്രവർത്തകർക്ക് പരിക്കേൽക്കുകയും പോലീസ് സാന്നിധ്യത്തിൽ ഉണ്ടായ അക്രമത്തിൽ നടപടി ആവശ്യപ്പെട്ട് പ്രവർത്തകർ ദേശീയപാത ഉപരോധിക്കുകയും ചെയ്തു. തുടർന്ന് നേതാക്കൾ ഉൾക്കൊള്ളുകയുള്ളവർ ഇടപെട്ട് പ്രതിഷേധം ടൗൺ പോലീസ് സ്റ്റേഷന് മുന്നിലേക്ക് വ്യാപിച്ചതോടെ പരിക്കേറ്റ വിദ്യാർഥിനിയിൽ നിന്ന് പരാതി എഴുതി വാങ്ങുകയും സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ളവർ ഇടപെട്ട് കേസെടുക്കാൻ തീരുമാനമാവുകയും ചെയ്തതോടെയാണ് പ്രതിഷേധം അവസാനിച്ചത്.കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽ വെച്ചാണ് കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുലിനും സംസ്ഥാന കമ്മിറ്റി അംഗം ആദർശ് മാങ്ങാട്ടിടത്തിനും അക്രമമേറ്റത്. ശക്തമായ മത്സരത്തിനൊടുവിൽ യൂണിയൻ ഭരണം കെഎസ്‌യു നിലനിർത്തിയിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ക്യാമ്പസിൽ തമ്പടിച്ചിരുന്ന പുറത്തുനിന്നുള്ള എസ്എഫ്ഐ- ഡിവൈഎഫ്ഐ സംഘം അതുൽ ഉൾപ്പെടെയുള്ള കെ.എസ്.യു നേതാക്കളെയും പ്രവർത്തകരേയും ക്രൂരമായി അക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.
വർഷങ്ങൾക്കുശേഷം എസ്എഫ്ഐക്ക് കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട് മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിൽ മൂന്നു മേജർ സീറ്റുകൾ കെ.എസ്.യു നേടിയതിന് പിന്നാലെയാണ് ഭീകരമായ അക്രമം എസ്എഫ്ഐ അഴിച്ചുവിട്ടത് അതുവഴി കാറിൽ പോവുകയായിരുന്ന യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജകമണ്ഡലം പ്രസിഡണ്ട് ഫർസിൻ മജീദിനെ തടഞ്ഞുനിർത്തി അക്രമിക്കുകയുണ്ടായി.
അക്രമത്തിൽ കണ്ണിനു ഗുരുതരമായി പരിക്കേറ്റ ഫർസിനും ചികിത്സയിലാണ്. എസ്.എഫ്.ഐ യുടെ ഇത്തരം അക്രമ സ്വഭാവത്തിനുള്ള തിരിച്ചടിയാണ് ക്യാമ്പസുകളിലെ വിദ്യാർത്ഥികൾ നൽകിയതെന്നും എസ്.എഫ്.ഐ അക്രമത്തെ ശക്തമായി പ്രതിരോധിക്കുമെന്നും അക്രമ സംഭവങ്ങളിൽ പോലീസ് നടപടി കാര്യക്ഷമമല്ലാത്തത് പ്രതിഷേധാർഹമാണെന്നും കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു.