ദേശാടനപക്ഷി ഉണ്ടക്കണ്ണൻ മണലൂതി 12 വർഷത്തിന്ശേഷം വീണ്ടും മാടായിപ്പാറയിൽ


കണ്ണൂർ :- വടക്കേ അമേരിക്കയിൽ നിന്നുള്ള ദേശാടനപ്പക്ഷി ഉണ്ടക്കണ്ണൻ മണലൂതിയെ (ബഫ് ബ്രസ്റ്റഡ് സാൻഡ്പൈപ്പർ) 12 വർഷത്തിനുശേഷം വീണ്ടും മാടായിപ്പാറയിൽ കണ്ടെത്തി. പക്ഷിനിരീക്ഷകരായ പി.സി.രാജീവനും ഡോ. ജയൻ തോമസുമായിരുന്നു 2011-ൽ ഇതിനെ മാടായിപ്പാറയിൽ കണ്ടെത്തിയത്. അപൂർവമായി മാത്രം ഇന്ത്യയിൽ കണ്ടിട്ടുള്ള ഈ പക്ഷിയുടെ ഫോട്ടോ മാടായിപ്പാറയിൽ നിന്നെടുത്ത ഡോ.ജയൻ തോമസ് തന്നെയാണ് 12 വർഷത്തിനു ശേഷം പക്ഷിയെ മാടായിപ്പാറയിൽ കണ്ടെത്തിയത്. അദ്ദേഹം അന്നെടുത്ത മണലൂതിയുടെ ഫോട്ടോ കണ്ണൂർ വിമാനത്താവള ത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കണ്ണൂരിലെ നേത്രരോഗ വിദഗ്ധനായ ഇദ്ദേഹം പക്ഷിനിരീക്ഷകനും ഫോട്ടോഗ്രാഫറുമാണ്.

ഉണ്ടക്കണ്ണൻ മണലൂതിയെ കണ്ടെത്തിയ വിവരമറിഞ്ഞ് പല ഭാഗത്തുനിന്നുമുള്ള ഫോട്ടോഗ്രാഫർമാർ മാടായിപ്പാറയിലെത്തി. ഡൽഹിയിൽനിന്നുള്ള പക്ഷിനിരീക്ഷകനായ അതുൽ, കോഴിക്കോട്ടുനിന്ന് സത്യൻ മേപ്പയിൽ തുടങ്ങിയവർ വ്യാഴാഴ്ച രാവിലെ എത്തിയിരുന്നു. മാടായിപ്പാറ സംരക്ഷണത്തിന്റെ പ്രാധാന്യത്തിന് അടിവരയിടുന്നതാണ് ഉണ്ടക്കണ്ണൻ മണലൂതിയുടെ ഈ വരവ്.

Previous Post Next Post